കണ്ണൂർ : കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പാ വകുപ്പ് ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. അർജ്ജുൻ സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാൽ തുടർന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ആണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
അർജുനെ വൈകാതെ തന്നെ അറസ്റ്റ് ചെയ്തു കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാൻ ആണ് പോലീസിന് നൽകിയിരിക്കുന്ന നിർദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കാനാണ് നിലവിൽ ഉത്തരവ് നൽകിയിരിക്കുന്നത്.
പോലീസിനെതിരെയും ആഭ്യന്തര വകുപ്പ് മന്ത്രിക്കെതിരെയും വെല്ലുവിളി നടത്തിക്കൊണ്ട് പിടികൊടുക്കാതെ നടന്ന അർജുനെ ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്ന് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് പോലീസ് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തത്. നിയമസഭാ ഇലക്ഷൻ സമയത്ത് എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംഘം ചേര്‍ന്നുവെന്ന സംശയത്തിലാണ് അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തന്നെ പിടികൂടുന്നതിന് നേതൃത്വം നല്‍കിയ കോതമംഗലം ഇന്‍സ്‌പെക്ടര്‍ക്ക് എതിരെയും ഊന്നുകല്‍ എസ്എച്ച്ഒയ്‌ക്ക് എതിരെയും സമൂഹമാധ്യമങ്ങള്‍ വഴി അര്‍ജുന്‍ ആയങ്കി അധിക്ഷേപവും ഭീഷണിയും മുഴക്കി. ഇതില്‍ പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുഖാന്തരം അര്‍ജുന്‍ മുന്‍കൂര്‍ ജാമ്യാത്തിന് ശ്രമിച്ചെങ്കിലും ഹർജി കോടതി തള്ളിയ ശേഷവും പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടര്‍ന്നാണ് അറസ്റ്റിലേക്ക് വഴിയൊരുക്കിയത്.















