
പാലക്കാട്: ഓൺലൈൻ ഗെയിം കളിക്കുന്നതിന് മൊബൈൽ ഫോൺ വാങ്ങി വെച്ചതിനു പിന്നാലെ വീടു വീട്ടിറങ്ങിയ 17 കാരനെ കാണാതായിട്ട് ഇന്നേക്ക് ഒരാഴ്ച. കണ്ണൂർ പെരിങ്ങത്തൂരിലെ പുളിയനമ്പ്രം സ്വദേശി ശിവ സൂര്യക്കായുള്ള തെരച്ചിലിനായി പാലക്കാട്ട് എത്തിയ സംഘം ഇന്ന് മടങ്ങും. കേരളത്തിനകത്തും പുറത്തും വിവിധ ഇടങ്ങളിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കുറിച്ച് നിലവിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
പാലക്കാട് ഒറ്റപ്പാലത്ത് വച്ച് കണ്ടു എന്ന വിവരം തെറ്റാണെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇന്നലെ രാവിലെ ഗുരുവായൂർ പാലക്കാട് കെഎസ്ആര്‍ടിസി ബസിൽ ഒരു കുട്ടിയെ കണ്ടെന്നും ഒറ്റപ്പാലത്ത് ഇറങ്ങിയെന്നുമാണ് ഒരാൾ അറിയിച്ചത്. ഇതേത്തുടർന്ന് ഇന്നലെ രാത്രി തന്നെ ചൊക്ലി പോലീസ് ഒറ്റപ്പാലത്ത് എത്തി. ബസ് നിർത്തുന്ന സ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ സൂചന കിട്ടിയില്ല. ഒറ്റപ്പാലം, ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
അടുത്തുള്ള സിസിടിവി ക്യാമറകൾ പലതവണ പരിശോധിച്ചിട്ടും കുട്ടിയുടെ സാന്നിധ്യം എവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തലശ്ശേരി എസ്.പിയുടെ സ്ക്വാഡും ചൊക്ലി പോലീസുമാണ് അന്വേഷണം നടത്തുന്നത്. മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. ഗെയിമിലൂടെ 50000ലധികം രൂപ നഷ്ടപ്പെട്ടിരുന്നു.
കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തെഴുതി വച്ചായിരുന്നു വീട് വിട്ടിറങ്ങിയത്. ചെറുപ്പത്തിലേ അമ്മ മരിച്ച കുട്ടിക്ക് അച്ഛൻ മാത്രമേ ഉള്ളൂ.