ദശമുഖന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ലങ്കാധിപന്‍ രാവണന് യഥാര്‍ത്ഥത്തില്‍ ഒരു തലയേ ഉണ്ടായിരുന്നുള്ളൂ. പത്തു തല എന്നത് രാവണന്റെ ബുദ്ധിസാമര്‍ത്ഥ്യത്തേയും 20 കൈകള്‍ അസാമാന്യമായ കര്‍മ്മശേഷിയേയും യുദ്ധവൈദഗ്ധ്യത്തേയുമാണ് സൂചിപ്പിക്കുന്നത്. ഉഗ്ര രവത്തോടെ (ശബ്ദം) ജനിച്ചതിനാലാണ് രാവണന്‍ എന്ന പേര്‍ ലഭിച്ചത്. മഹാജ്ഞാനിയും മികച്ച വൈദ്യനും സംഗീതസാമ്രാട്ടും തികഞ്ഞ ശിവഭക്തനുമായിരുന്നു രാവണന്‍. പക്ഷേ അദ്ദേഹത്തിന്റെ നിലപാട്
‘രാക്ഷസാനാം പരംധര്‍മ്മം
പരദാരാഭി മര്‍ദ്ദനം’ എന്നായിരുന്നല്ലോ.
പരദാരങ്ങളില്‍ അഭിരമിക്കുന്നത് അധര്‍മ്മമാണ്. ഒടുവില്‍ രാവണന്റെ പരദാരാസക്തി അവന്റെ അന്ത്യത്തിനു നിമിത്തമായി. രാക്ഷസീയ ധര്‍മ്മത്തില്‍ രാവണന്‍ സീതയെ അപഹരിച്ചു ലങ്കയിലെത്തിച്ചു. ധര്‍മ്മവിഗ്രഹനായ രാമന്‍ വാനരസൈന്യസമേതം നൂറുയോജന സമുദ്രം താണ്ടി ലങ്കയിലെത്തി. രാമരാവണയുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ഒടുവില്‍ അനിവാര്യമായതു സംഭവിച്ചു, ധര്‍മ്മം വിജയിച്ചു: രാമസായകമേറ്റ് രാവണന്‍ വധിക്കപ്പെട്ടു.
മികച്ച ജ്യോതിഷ പണ്ഡിതനും ശിവഭക്തനുമായ രാവണന് തന്റെ ഭാവി ദീര്‍ഘ ദര്‍ശനം ചെയ്യാന്‍ കഴിവുണ്ടായിരുന്നു. രാക്ഷസീയ മോഹങ്ങളില്‍ അഭിരമിക്കുന്ന തനിക്ക് വിരോധ ഭക്തികൊണ്ടേ മോക്ഷം ലഭിക്കൂ എന്ന് രാവണന്‍ മനസ്സിലാക്കിയിരുന്നു. രാമബാണമേറ്റുള്ള തന്റെ മരണത്തോടെ രാജ്യം അനാഥമാകാതിരിക്കാനാണ് ധര്‍മ്മിഷ്ഠനായ അനുജന്‍ വിഭീഷണനെ രാവണന്‍ ഭീഷണിപ്പെടുത്തി പുറത്താക്കി രാമസവിധത്തില്‍ എത്തിച്ചത് എന്നു കരുതാം. ത്രികാലജ്ഞാനിയായ രാവണന് താനും പുത്രന്‍ മേഘനാദനും കുംഭകര്‍ണ്ണനും മറ്റു പ്രമുഖ രാക്ഷസവീരരും രണാങ്കണത്തില്‍ മരണപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു.
യുദ്ധം കഴിയുമ്പോള്‍ ലങ്ക അനാഥമാകുമെന്നും രക്ഷോവംശത്തിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കുമോ എന്നും സന്ദേഹമുണ്ടായിരുന്നു. അതുകൊണ്ടാണ് വിഭീഷണനെ വധിക്കാതെ പുറത്താക്കിയത്. വിഭീഷണന്‍ തന്നെ ഉപദേശിക്കാന്‍ ശ്രമിച്ചത് ഇതിന് അനുകൂലാവസരമായി രാവണന്‍ മാറ്റുകയായിരുന്നു.
വിഭീഷണന്‍ ശ്രീരാമനെ ആശ്രയിച്ചാലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് ധിക്കാരത്തോടെ, ക്രോധത്തോടെ പറഞ്ഞെങ്കിലും ഉള്ളാലെ സന്തോഷിക്കുകയായിരുന്നു. രാമസായകമേറ്റ് തനിക്കു മരണവും അങ്ങനെ മോക്ഷപദപ്രാപ്തിയും ലഭിക്കും. തന്റെ കാലശേഷം ധര്‍മ്മിഷ്ഠനായ അനുജന്‍ ലങ്കാധിപനുമാകും എന്നതായിരുന്നു ഈ സനന്തോഷത്തിനു കാരണം.
മകനായ മേഘനാദന്‍ കൂടി മരണപ്പെട്ടതോടെ രാവണനില്‍ കുറച്ചൊക്കെ ധാര്‍മ്മിക ചിന്ത ഉണ്ടായതായി യുദ്ധകാണ്ഡത്തില്‍ മണ്ഡോദരിക്കു നല്‍കുന്ന മറുപടിയില്‍ കാണാം. നാമിനിക്കാനനം പൂക തപസ്സിനായി എന്നു മണ്ഡോദരിപറയുമ്പോള്‍, സന്താനങ്ങളേയും ബന്ധുമിത്രാദികളെയും സൈന്യത്തെയും മൃത്യുവരുത്തി താനേകനായ് കാനനേ വസിക്കുന്നതു ഭംഗിയല്ലെടോ എന്നാണ് രാവണന്റെ നിലപാട്.
അവസാനം ശ്രീരാമാസ്ത്രത്താല്‍ രാവണന്‍ മരിച്ചതോടെ അധര്‍മ്മത്തിനു മേല്‍ ധര്‍മ്മത്തിന്റെ വിജയം സംഭവിച്ചു. അധര്‍മ്മം എത്ര ശക്തമായാലും അവസാനവിജയം ധര്‍മ്മത്തിനു തന്നെ എന്ന സന്ദേശമാണ് രാവണന്റെ അന്ത്യം ഓര്‍മ്മിപ്പിക്കുന്നത്. യുദ്ധാനന്തരം രാവണനെപ്പോലെ ഒരു മഹാപാപി വേറെയില്ല എന്നു വിഭീഷണന്‍ പറയുമ്പോള്‍ തനിക്കു നേരേ നിന്നു പോരാടി മരിച്ച രാവണന്‍ പാപരഹിതനായെന്നു ശ്രീരാമചന്ദ്രന്‍ പറയുന്നുമുണ്ടല്ലോ.
















