60
ആപാതമാധുര്യഗീതാമൃതം സുഖദ
വാഗീശ്വരീകണ്ഠജനിതം
ആവോളമങ്ങു തവ കാതായപാത്രമതി –
ലാഹന്ത കോരി നുകരുമ്പോള്‍
ആനന്ദമൂര്‍ച്ഛ കളിയാടും മുഖത്തൊടിള –
കീടുന്ന കുണ്ഡലകലാപാ –
ലാമോദപൂര്‍വമഭിനന്ദിക്കയല്ലി, മൊഴി –
മാതിന്റെ ഗാനകലയമ്മേ!
61
മഞ്ഞിന്‍മലയ്‌ക്കു മകളേ നന്മണിക്കനിക –
ളുള്ളില്‍ വിളങ്ങുമൊരു വംശ-
ത്തണ്ടായ നാസയതു ഞങ്ങള്‍ക്കു നിത്യസുഖ
സൗഭാഗ്യയോഗമരുളേണം
മുഗ്ധാംഗി നിന്റെ മധു നിശ്വാസവേഗമൊടു
മുത്തൊന്നടര്‍ന്നഴകിലമ്മേ
മുപ്പാരിനുള്ള വഴിനക്ഷത്രമെന്ന പടി
മൂക്കുത്തിയായി വിലസുന്നു !
62
മധുരാധരം സുദതി,യരുണാധരം, കമല
ദലസന്നിഭോജ്വലമുദാരം
പറവാനുമില്ലിതിനൊരുപമാനമോര്‍ക്കിലൊരു
പവിഴക്കൊടിക്കു കനിയെന്നാം
സതതം സ്വയംപ്രഭയൊടഴകാര്‍ന്നു നില്ക്കുമിവ
ചൊരിയും പ്രകാശകിരണത്താല്‍
തെളിയുന്ന തൊണ്ടിയുടെ പഴമെന്തു കഷ്ടമിഹ
ഞെളിയുന്നു പോല്‍ നാണമെന്യേ.
















