ബ്യൂണസ് അയേഴ്‌സ്: പിതാവിന്റെ വിയോഗത്തിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഫുട്ബാള്‍ നായകന്‍ ലിയോണല്‍ മെസി. കൂടുതല്‍കാലം കളിക്കളത്തില്‍ തുടരുമോയെന്ന് സംശയമാണെന്നും പിതാവില്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും മെസി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന മെസിയുടെ പിതാവ് ഹോര്‍ഹെ മെസി ഈ മാസം 7-നാണ് മരിച്ചത്. പിതാവിന്റെ മരണ ശേഷം മെസി ആദ്യമായാണ് പ്രതികരിക്കുന്നത്.പിതാവിന്റെ വേര്‍പാട് മൂലമുളള മാനസിക ആഘാതത്തില്‍ ഇനി എത്രനാള്‍ ഫുട്‌ബോളില്‍ തുടരാനാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെസി പറഞ്ഞു.
‘അച്ഛാ, നിങ്ങള്‍ നമ്മെ വിട്ടുപിരിഞ്ഞുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി നിങ്ങളെ ഒരിക്കലും കാണാനാകില്ലെന്ന സത്യം അംഗീകരിക്കാന്‍ മനസ് സമ്മതിക്കുന്നില്ല. നീണ്ടനാളത്തെ വേദനകള്‍ക്കൊടുവില്‍ നിങ്ങള്‍ വിശ്രമത്തിലേക്ക് പോയതാണ്. എങ്കിലും വളരെ വേഗത്തിലായിപ്പോയി അത്. അവസാനമായി ഒരു ലോകകപ്പ് കൂടി കളിക്കണമെന്ന് നിങ്ങള്‍ എന്നോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിങ്ങള്‍ എന്നോടൊപ്പം ഗാലറിയില്‍ ഇല്ലാതിരുന്ന ആദ്യ ടൂര്‍ണമെന്റായിരുന്നു അത്.
ലോകക്കപ്പ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നിങ്ങളുടെ ആരോഗ്യനില വഷളായത്. നിങ്ങള്‍ സുഖം പ്രാപിക്കുമെന്നും യാത്ര ചെയ്യാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുക്കുമെന്നും അമ്മ എന്നോട് പറഞ്ഞിരുന്നു. നമ്മള്‍ ഫൈനലിലെത്തുമെന്ന് ഞാനും നിങ്ങളോട് പറഞ്ഞിരുന്നു. ഓരോ തവണയും മത്സരം പൂര്‍ത്തിയാക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ സന്ദേശത്തിനായി കാത്തിരുന്നു. എന്നാല്‍ അതുണ്ടായില്ല. അപ്പോഴാണ് സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എനിക്ക് മനസിലായത്. ഞങ്ങള്‍ ഫൈനലില്‍ എത്തി. പക്ഷേ നിങ്ങള്‍ അവിടെയുണ്ടായില്ല. നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് കഴിഞ്ഞില്ല. എന്റെ ശരീരവും കാലുകളും തളര്‍ന്നുപോയി. ടൂര്‍ണമെന്റിലുടനീളം സുഖം തോന്നിയിരുന്നില്ല.
‘നിങ്ങളില്ലാതെ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല.തുടക്കം മുതല്‍ എന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു നിങ്ങള്‍. ഒടുവില്‍ നമ്മള്‍ ലക്ഷ്യത്തോട് അടുത്തെത്തിയപ്പോള്‍ കുറച്ചുകൂടി കാത്തുനില്‍ക്കാമായിരുന്നു’. കുട്ടിക്കാലം മുതല്‍ തന്റെ വളര്‍ച്ചയില്‍ അച്ഛന്‍ വഹിച്ച പങ്കും, തനിക്കായി ചെയ്ത ത്യാഗങ്ങളും മെസി ഓര്‍ത്തെടുത്തു. എന്റെ പിതാവ്, സുഹൃത്ത്, പ്രതിനിധി എന്നീ നിലകളിലെല്ലാം അദ്ദേഹം എപ്പോഴും ശരിയായ തീരുമാനങ്ങളാണ് എടുത്തതെന്നും മെസി കുറിച്ചു.
അതേസമയം പ്രയാസകരമായ വേളയില്‍ മെസിക്കും കുടുംബത്തിനും തന്റെ ആലിംഗനമെന്ന് റൊണാള്‍ഡോ മെസിയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ മെസിയെ ആശ്വസിപ്പിച്ച് രംഗത്തെത്തി.















