
കളമശേരി: സംസ്ഥാന സര്‍ക്കാരിന്റെ നാമനിര്‍ദേശ പ്രകാരം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സര്‍വകലാശാല ഉത്തരവിറക്കി. സിന്‍ഡിക്കേറ്റിലെ സര്‍ക്കാര്‍ നാമനിര്‍ദേശ അംഗങ്ങളുടെ പുനഃസംഘടന പ്രകാരം എംഎല്‍എ വിഭാഗത്തില്‍ കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസ്, പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം എന്നിവരെ നാമനിര്‍ദേശം ചെയ്തു.
ഉന്നത വിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തില്‍ കുസാറ്റ് ലീഗല്‍ അഫയേഴ്‌സ് വിഭാഗം സെക്ഷന്‍ ഓഫീസര്‍ (ഹയര്‍ ഗ്രേഡ്) അന്‍സണ്‍ പി. ആന്റണി, അഡ്വ. കബീര്‍ കെ.കെ, കുസാറ്റ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ പ്രൊഫസറും പ്രിന്‍സിപ്പലുമായ ഡോ. അബ്ദുള്ള പി., വനിതാ പ്രതിനിധിയായി ദി കൊച്ചിന്‍ കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രൊഫസറും പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജുമായ ഡോ. സിന്ധു.കെ, എസ്‌സി/എസ്ടി പ്രതിനിധിയായി ഡോ. അരുണ്‍ എസ്. പി. എന്നിവരെ ഉള്‍പ്പെടുത്തി.ഐടി വിദഗ്ധ വിഭാഗത്തില്‍ കുസാറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. പ്രവീണ്‍ സി.എസ്., സെനറ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധിയായി കുസാറ്റ് ഐയുസിഐപിആര്‍എസ് പിഎച്ച്ഡി ഗവേഷകനായ കുര്യന്‍ ബിജു എന്നിവരെയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
സിന്‍ഡിക്കേറ്റിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട അന്‍സണ്‍ പി. ആന്റണി, അഡ്വ. കബീര്‍ കെ. കെ, ഡോ. അബ്ദുള്ള പി, ഡോ. സിന്ധു കെ., ഡോ. അരുണ്‍ എസ്.പി. എന്നിവര്‍ക്ക് പുറമെ സ്വപ്‌ന കെ. ഒ., എന്‍. മഹേഷ്, ജെയ്സണ്‍ കുര്യന്‍, ഡോ. രാജ് സോമരാജന്‍, സുരേഷ് വര്‍ഗീസ്, അമീര്‍ എം.പി., ഡോ. ജാസ്മിന്‍ ഇ, ഷെറിന്‍ ഐ. എല്‍, അബ്ബാദ് ലുഫ്തി.എ എന്നിവരെയും സെനറ്റിലേക്കും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.