തെറ്റിദ്ധരിക്കപ്പെടുക എന്ന സങ്കടകരമായ വിധിയാണ് പിന്നെയും ജടായുവിന്. പണ്ടൊരിക്കല്‍ ഇതേ മട്ടില്‍ തെറ്റിദ്ധരിച്ചതിന്റെ പശ്ചാത്താപത്താല്‍ സ്‌നേഹവിവശനായിരുന്നു രാഘവന്‍.
പലേടത്തും രാക്ഷസസാന്നിധ്യമുള്ള ഘോരവനമാകയാല്‍ പക്ഷിശ്രേഷ്ഠനെ ഏതോ മുനിഭക്ഷകന്‍ എന്നു കരുതി വധിക്കാനൊരുങ്ങിയതാണ്.
അച്ഛന്റെ ചെറുപ്പകാലത്തെ മിത്രവും അങ്ങയ്‌ക്ക് ഇഷ്ടം ചെയ്യാന്‍ സന്നദ്ധനായ ഭക്തനുമാണ് താനെന്നു പരിചയപ്പെടുത്തേണ്ടി വന്നു ജടായുവിന്. ഭഗവാന്റെ സ്നേഹാശ്ലേഷത്താല്‍ അനുഗൃഹീതനായി അന്നു മുതല്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അരികില്‍ കിങ്കരനായി വാഴുകയായിരുന്നു പഞ്ചവടിയില്‍ .
സീതാപഹരണത്തിനു മുതിര്‍ന്ന രാവണനോടേറ്റ്, അയാളുടെ ചന്ദ്രഹാസപ്രയോഗത്താല്‍ ചിറകറ്റുവീണ ജടായുവിന്റെ രക്തത്തില്‍ കുളിച്ച രൂപം കണ്ട ഭഗവാന്‍ ഇക്കുറി തെറ്റിദ്ധരിച്ചത് ഒരുപക്ഷേ, സീതയെ കാണാതെ ചഞ്ചലചിത്തനായി അലയുന്ന അവസരമായതിനാലാകാം.
ഭഗവാന്റെ തലോടലേറ്റ് പ്രാണന്‍ വെടിയുന്ന ജടായുവിന് മനുഷ്യര്‍ക്കെന്നപോലെ സംസ്‌കാരകര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണ് രാമലക്ഷ്മണന്മാര്‍. ദേവതാപൂജിതനായി സ്വര്‍ലോകത്തു വിളങ്ങുന്ന പക്ഷിശ്രേഷ്ഠന്റേത് പുണ്യജന്മംതന്നെ
















