പര്‍ണശാലയുടെ മുറ്റത്ത് ഭിക്ഷുവേഷധാരിയാണ്.
പുലസ്ത്യമഹര്‍ഷിയുടെ പൗത്രനും വിശ്രവസ്സിന്റെ
പുത്രനുമായ രാവണന് വേഷം വഴങ്ങുന്നതുതന്നെ.
കമലവിലോചനേ, കമനീയാംഗീ, നിന്റെ കമിതാവാര് എന്ന മട്ടിലുള്ള സംഭാഷണം പക്ഷേ, സന്യാസിക്കു യോജിച്ചതാകുന്നില്ലല്ലോ.
താനാരെന്ന് സീത പറഞ്ഞുകഴിഞ്ഞു. യാഥാര്‍ഥ്യം പറയേണ്ട സന്ദര്‍ഭമാകുന്നു രാവണന് . പ്രലോഭനങ്ങളില്‍ പൊതിഞ്ഞ ക്ഷണമാണ് അയാള്‍ നടത്തുന്നത്. താപസവേഷം പൂണ്ട രാമനൊപ്പം എന്തിനു കൊടുങ്കാട്ടില്‍ കഴിയണം?
ലങ്കാരാജധാനിയുടെ സകല സുഖസൗകര്യങ്ങളും അനുഭവിച്ചറിയാന്‍ എനിക്കൊപ്പം പോരൂ.
ഉത്തമനാരികളുടെ സ്വഭാവമഹിമയും അന്തസ്സും അറിയാത്ത അജ്ഞാനിയുടെ വാക്കുകള്‍. ഹരിപത്നിയെ തൊടാനുള്ള ശശത്തിന്റെ സാഹസത്തിനു തുല്യമായ ഈ പുറപ്പാട് അജ്ഞാനത്തില്‍നിന്നല്ലാതെ ഉണ്ടാകുമോ?! രാമബാണംകൊണ്ടു മാറിടം പിളരാനുള്ള കാരണമാകും രാവണന് ഇതെന്നു സീതയ്‌ക്കു നിശ്ചയം.
സീതാപഹരണ സാഹസയജ്ഞത്തില്‍ തടസ്സം നില്‍ക്കാനെത്തുന്ന പക്ഷിശ്രേഷ്ഠന്‍ ജടായുവിനു മുന്നില്‍ പതറി, വിശിഷ്ടമായ ചന്ദ്രഹാസംതന്നെ പ്രയോഗിക്കേണ്ടിവരുന്നത് രാവണന്റെ വീഴ്ചയുടെ ആദ്യ സൂചനയാകുന്നു.
















