കശ്മീർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴ് വർഷത്തെ വാർഷികത്തിലും രാജ്യവിരുദ്ധത വിളമ്പി നാഷണൽ കോൺഫറൻസ് നേതാക്കൾ. ഇത്തവണ നാഷണൽ കോൺഫറൻസ് (എൻസി) എംപി മുഹമ്മദ് റംസാന്റെ പ്രസ്താവനയാണ് വിവാദത്തിന് മൂർച്ച കൂട്ടിയത്. പാക് അധിനിവേശ കശ്മീരിനെ കുറിച്ചുള്ള റംസാന്റെ പരാമർശങ്ങൾ ഒരു രാഷ്‌ട്രീയ കോളിളക്കത്തിന് കാരണമായിട്ടുണ്ട്. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെങ്കിൽ മുഹമ്മദ് റംസാൻ അതിനെ ഒരു പ്രത്യേക രാജ്യമായിട്ടാണ് പ്രഖ്യാപിച്ചത്.
പാക് അധിനിവേശ കശ്മീർ ഒരു പ്രത്യേക രാജ്യമാണെന്നും അതിന്റെ കാര്യങ്ങൾക്ക് പാകിസ്ഥാൻ സർക്കാരാണ് ഉത്തരവാദിയെന്നും നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ പ്രസ്താവിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ പാക് അധിനിവേശ കശ്മീർ വിഷയത്തിൽ വിഷമിക്കേണ്ടതില്ലെന്നും റംസാൻ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് അധികാരത്തിലിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസ്താവന. എന്നിരുന്നാലും പാർട്ടിയിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്റെ നിലപാട് എപ്പോഴും വ്യക്തമാണ്. പാക് അധീന ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യൻ സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ എംപിയുടെ പ്രസ്താവന രാഷ്‌ട്രീയ വിവാദങ്ങളെ രൂക്ഷമാക്കാനാണ് സാധ്യത.
അതേസമയം ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തെ നാഷണൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും ചോദ്യം ചെയ്തു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയത് ഒരു ഫെഡറൽ സംവിധാനത്തിന് അനുയോജ്യമല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ ഇത് പരിമിതപ്പെടുത്തുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന തന്റെ ആവശ്യം അദ്ദേഹം ആവർത്തിച്ചു.
നേരത്തെ പാക് അധീന കശ്മീരിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ വെറും കപടമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പുകൾ അവിടത്തെ യഥാർത്ഥ സ്ഥിതിയെ മാറ്റുന്നില്ലെന്നാണ് ഇന്ത്യ വാദിക്കുന്നത്.
















