കൊച്ചി: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഉമർ ഫാറൂഖ് കൊച്ചിയിൽ പിടിയിൽ. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തു വിട്ടിട്ടില്ല. ബെംഗളൂരുവിലെയും കൊച്ചിയിലെയും എൻഐഎ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.
ഗൂഢാലോചന കേസിലാണ് ഉമർ ഫാറൂഖിനെ പിടികൂടിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും പിടികൂടിയ ഉമർ ഫാറൂഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എൻഐഎ വാർത്താകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചി പള്ളുരുത്തിയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. കഴിഞ്ഞ മാസം ഇതേ കേസിലെ മുഖ്യപ്രതിയും കൊച്ചിയിൽ നിന്ന് പിടിയിലായിരുന്നു. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിലായിട്ടുണ്ട്.
2022 ജൂലൈ 26-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പ്രവീൺ നെട്ടാരുവിനെ സുള്ള്യക്കടുത്ത ബെല്ലാരെയിൽ വെച്ച് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബെല്ലാരെയിൽ കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമികളുടെ സംഘം വെട്ടുകത്തിയുമായിയെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
പ്രവീൺ നെട്ടാരുവിനെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഭീകരർ ഒത്തുകൂടുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നു. പ്രവീൺ പോകുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രത്യേകം സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന് സഞ്ചരിക്കാൻ ഉമർ ഫാറൂഖ് തന്റെ ബൈക്ക് വിട്ടു കൊടുത്തിരുന്നു. ഇക്കാര്യം അന്വേഷണ സംഘം അ റിഞ്ഞതോടെ ഉമർ ഫാറൂഖ് ഒളിവിൽ പോവുകയായിരുന്നു. രണ്ടാഴ്ച മുമ്പ് അബ്ദുൾ നസീർ എന്നയാളെ കൊച്ചിയിൽ നിന്നും പിടികൂടിയിരുന്നു. ഇതേ തുടർന്ന് അന്വേഷണ സംഘം കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.
















