തൃശൂര്‍ ; കാറുകള്‍ തടഞ്ഞ് മദ്യലഹരിയില്‍ പരാക്രമം കാട്ടിയ യുവതി അറസ്റ്റില്‍. തൃശൂര്‍ ചാഴൂര്‍ സ്വദേശി റഹ്മത്ത് (21) ആണ് പിടിയിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് മദ്യപിച്ച് ലക്കുകെട്ട യുവതി നടുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെടാന്‍ തുടങ്ങിയത്.
തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് നടുറോഡില്‍ യുവതി വാഹനങ്ങള്‍ തടഞ്ഞ് പണം വാങ്ങുന്നതായി തൃശൂര്‍ പൊലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ വനിതാപൊലീസുകാരടങ്ങുന്ന സംഘം യുവതിയെ വനിതാ സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവിടെ നിന്നും ഇറങ്ങിയോടിയ റഹ്മത്ത്, തന്നെ കീഴടക്കാനെത്തിയ പൊലീസുകാരെയും മര്‍ദിച്ചു വൈദ്യപരിശോധനയ്‌ക്ക് എത്തിക്കവേ എസ്.ഐ കലയെ യുവതി മര്‍ദിക്കുകയും കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവ സമയത്ത് യുവതിയുടെ ആണ്‍ സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥിതി വഷളായെന്നും പൊലീസെത്തിയെന്നും കണ്ടതോടെ യുവതിയെ പെരുവഴിയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം.
ജോലി തേടി തൃശൂര്‍ നഗരത്തിലേക്ക് എത്തിയതാണെന്നും പ്ലസ്ടു വരെയാണ് പഠിച്ചിട്ടുള്ളതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും നടുറോഡില്‍ പരാക്രമം കാട്ടിയതിനുമാണ് കേസ്.
















