ബെംഗളൂരു: സ്വാമി വിവേകാനന്ദന്റെ ജീവിതം, സന്ദേശം, ആദര്‍ശങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള മൈസൂരുവിലെ സ്വാമി വിവേകാനന്ദ സാംസ്‌കാരിക യുവജന കേന്ദ്രം – വിവേക സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 1892 നവംബറില്‍ ഭാരതത്തിലുടനീളമുള്ള യാത്രയ്‌ക്കിടെ സ്വാമി വിവേകാനന്ദന്റെ മൈസൂരു സന്ദര്‍ശനത്തെ അനുസ്മരിക്കുന്നതാണ് വിവേക സ്മാരകം.
ചരിത്രപ്രസിദ്ധമായ നിരഞ്ജന മഠത്തില്‍ സ്ഥാപിച്ച വിവേക സ്മാരകം പ്രധാന കെട്ടിടവും അനുബന്ധ ബ്ലോക്കും ഉള്‍പ്പെടെ 81,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നതാണ്. 4-ഡി എക്‌സ്പീരിയന്‍സ് സെന്റര്‍, എക്‌സിബിഷന്‍ ഹാള്‍, എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റര്‍, ക്ലാസ് മുറികള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, ലൈബ്രറി, വായനമുറി, ധ്യാന, യോഗാ ഹാള്‍, പുസ്തക ശാല എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങളും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
സ്വാമി വിവേകാനന്ദന്റെ ജീവിതത്തിനും സന്ദേശത്തിനും ആദര്‍ശങ്ങള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന സാംസ്‌കാരിക യുവജന കേന്ദ്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃത്വ വികസനം, വ്യക്തിത്വ വികസനം എന്നിവയ്‌ക്കുള്ള ഊര്‍ജസ്വലമായ കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക യുഗത്തിന്റെ പ്രവാചകനായ സ്വാമി വിവേകാനന്ദന്‍ 1893ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ലോക മത പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ആദ്യമായി തീരുമാനിച്ചത് ഈ സ്ഥലത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ജീവിതം, പൈതൃകം എന്നിവയെ ഉള്‍ക്കൊള്ളുന്ന ഹ്രസ്വചിത്രവും ചടങ്ങിന് ശേഷം പ്രധാനമന്ത്രി കണ്ടു. വിവേക സ്മാരകം സന്ദര്‍ശിച്ച പ്രധാനമന്ത്രി പരിസരത്ത് ഒരു തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. മൈസൂരു രാമകൃഷ്ണാശ്രമത്തിന്റെ കന്നഡ പ്രസിദ്ധീകരണങ്ങളായ മഹര്‍ഷി വാല്മീകിയുടെ രാമായണം (7 വാല്യങ്ങള്‍), സ്വാമി ചേതാനന്ദജിയുടെ വേദാന്ത സംന്യാസിമാരുടെ കഥകളുടെ കന്നഡ വിവര്‍ത്തനമായ ബടുക്കു വേദകു എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മൈസൂരു ജില്ലാ ചുമതലയുള്ള മന്ത്രി ഡോ. എസ്. യതീന്ദ്ര, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര, രാമകൃഷ്ണ മഠം- രാമകൃഷ്ണ ആശ്രമം പ്രസിഡന്റ് ശ്രീഗൗതമാനന്ദജി മഹാരാജ്, മൈസൂരു രാമകൃഷ്ണ ആശ്രമം അധ്യക്ഷന്‍ സ്വാമി മുക്തിദാനന്ദജി മഹാരാജ്, പാര്‍ലമെന്റ് അംഗം യദുവീര്‍ കൃഷ്ണദത്ത ചാമരാജ് വാഡിയാര്‍, നിയമസഭാംഗം ഹരീഷ് ഗൗഡ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















