കോഴിക്കോട്: രാജ്യത്തിന് പുറത്തുപോയി ഭാരതത്തെ കുറ്റപ്പെടുത്തുന്നതിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുലിന്റെ ഗൂഢാലോചനക്കെതിരെ മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിട്ടിയ അവസരം ഉപയോഗിച്ച് രാഹുല്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നത് കണ്ടെത്തിയത് സര്‍ക്കാരാണ്. കുറ്റക്കാരെയെല്ലാം പിടികൂടി. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് ഇപ്പോള്‍ പ്രതിപക്ഷം പറയുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ സമയത്തായിരുന്നു എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നത്. അന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആരെങ്കിലും പറഞ്ഞോ. കഴിഞ്ഞ ആഴ്ച പിഎസ്സി പരീക്ഷ പേപ്പര്‍ ചോര്‍ന്നു. അതില്‍ ആരും പ്രതിഷേധിച്ചു കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സെല്‍ കണ്‍വീനര്‍ അഡ്വ. വി.കെ. സജീവന്‍, സംസ്ഥാന സമിതി അംഗം പി. രഘുനാഥ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, സിറ്റി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.വി. ഉണ്ണികൃഷ്ണന്‍, എം. സുരേഷ്, രമ്യ മുരളി പ്രസംഗിച്ചു.
















