കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍, മുൻകൂർ ജാമ്യമുള്ളതിനാല്‍ ചോദ്യം ചെയ്തശേഷം ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെ വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ചോദ്യംചെയ്യല്‍. കേസില്‍ രണ്ടാംപ്രതിയാണ് ഇയാള്‍.
നേരത്തേ രണ്ടുതവണ റിബേഷിനെ ചോദ്യംചെയ്യലിന് അന്വേഷണസംഘം വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, അന്ന് ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിപ്പട്ടിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുൻകൂർജാമ്യംതേടി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന്, ജൂലായ് 17-ന് ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതി റിബേഷിന് മുൻകൂർജാമ്യം അനുവദിച്ചു.
ഇതിനുപിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിബേഷിന് നോട്ടീസ് നല്‍കിയത്. വിവാദ സ്‌ക്രീൻഷോട്ട് ആദ്യം വ്യാപകമായി ഷെയർചെയ്തവരില്‍ റിബേഷുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണമാണ് ഇയാള്‍ നടത്തിയതെന്നും പോലീസ് പറയുന്നു.













