താടകാവധത്തിനുശേഷം വിശ്വാമിത്രനോടൊപ്പം മുന്നേറിയ ശ്രീരാമനും ലക്ഷ്മണനും മഹര്‍ഷി ഗൗതമന്റെ ആശ്രമത്തിലെത്തി. അവിടെ ശാപം മൂലം ലോകത്തിന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞുകിടന്ന അഹല്യയെക്കുറിച്ച് വിശ്വാമിത്രന്‍ വിവരിച്ചു. ഗൗതമമഹര്‍ഷിയുടെ ശാപത്താല്‍ ദീര്‍ഘകാലം തപസ്സിലായിരുന്ന അഹല്യ, രാമന്റെ പാദസ്പര്‍ശത്താല്‍ ശാപവിമോചനം നേടി. ഗൗതമമഹര്‍ഷിയും അഹല്യയും വീണ്ടും ഒന്നിച്ചപ്പോള്‍ ആശ്രമം പഴയ പവിത്രത വീണ്ടെടുത്തു.
രാമന്‍ ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല, ആരെയും അപമാനിക്കുന്നിനുമില്ല. അദ്ദേഹം നല്‍കുന്നത് ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണ്. തെറ്റ് ചെയ്തവരുണ്ടാകാം, തെറ്റിദ്ധരിക്കപ്പെട്ടവരുണ്ടാകാം, സാഹചര്യങ്ങളുടെ ഇരകളായവരുമുണ്ടാകാം. എന്നാല്‍ മനുഷ്യനെ അവന്റെ ഭൂതകാലത്തില്‍ പൂട്ടിയിടാതെ, മാറ്റത്തിനുള്ള വാതില്‍ തുറന്നുകൊടുക്കുന്നതാണ് ധര്‍മ്മത്തിന്റെ മഹത്വം. ക്ഷമയും കരുണയും ഒരുമിക്കുമ്പോള്‍ ജീവിതത്തിന് വീണ്ടും പൂക്കാന്‍ കഴിയും. അഹല്യയുടെ കഥ നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്.
രാമസ്പര്‍ശം: തെറ്റ് മനുഷ്യജീവിതത്തിന്റെ അവസാനവരിയല്ല; കരുണ പുതിയ അധ്യായത്തിന്റെ ആദ്യവരിയാണുതാനും.
















