തിരുവനന്തപുരം: സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍ നടക്കും. സെപ്തംബര്‍ 11,12,13 തീയതികളില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് വിശാല സംസ്ഥാന സമിതി ചേരുക.തെറ്റ് തിരുത്തുകയാണ് ലക്ഷ്യം.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് വിശാല സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തയാറാക്കിയ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ തന്നെ വിശാല സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാന്‍ തീരുമാനം എടുത്തിരുന്നു.ആഗസ്റ്റ് രണ്ടാം വാരം നടത്താനായിരുന്നു അന്നത്തെ ധാരണ. ഓണം ഉള്‍പ്പെടെ ആഘോഷങ്ങളും മറ്റ് തിരക്കുകളും പരിഗണിച്ചാണ് വിശാല സംസ്ഥാന സമിതി സെപ്തംബറില്‍ ചേരാനുളള തീരുമാനം.
നിലവിലുള്ള സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും മറ്റുമാണ് വിശാല സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കുക. ഏരിയ സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിക്കണമെന്ന ആവശ്യത്തില്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ തീരുമാനമുണ്ടാകും.
















