കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതി ഡോ. റാമിന് കോടതി ജാമ്യം അനുവദിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിന് കടുത്ത അതൃപ്തി. വിഷയത്തിൽ ഡി.ജി.പിയിൽ നിന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോർട്ട് തേടി. കേസ് അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമായി. എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. പഴയ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റും.
പുതിയ സംഘത്തെ നിയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്നും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിതിൻ രാജിന്റെ സഹോദരി രാഖി പറഞ്ഞു. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് അറസ്റ്റ് നടന്നത്. പോലീസ് കേസ് അന്വേഷിച്ചിട്ടില്ലെന്നും കൃത്യമായ മറുപടി അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും രാഖി പറഞ്ഞു. ഡോ. റാമിനെ വിട്ടയച്ചത് പോലീസുമായുള്ള ഒത്തുകളിയിലൂടെയാണെന്ന് നിതിൻ രാജിന്റെ സഹോദരി ആരോപിച്ചു.
അറസ്റ്റ് ചെയ്തതിന്റെ കൃത്യമായ കാരണം രേഖാമൂലം പ്രതിയെ അറിയിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറെ കൃത്യസമയത്ത് അറസ്റ്റ് വിവരം ധരിപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഡോ. റാമിനെ വിട്ടയച്ചത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് നിതിൻ രാജിന്റെ കുടുംബം അറിയിച്ചതിനെ തുടർന്ന്, കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
അതേസമയം, കോടതി വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഡോ. റാമിനെ കോടതി വളപ്പിൽ വെച്ച് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല എന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
















