ഫിഫ ലോകകപ്പ് 2026 അവസാനിച്ചു. ലോകകിരീടം സ്പെയിന്റെ കൈകളിലെത്തി. എന്നാല്‍ ഈ ലോകകപ്പ് അവസാനിപ്പിച്ചത് ഒരു ടൂര്‍ണമെന്റിനെ മാത്രമല്ല; ലോക ഫുട്ബോള്‍ ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന വലിയ ചര്‍ച്ചയ്‌ക്കും ഇതോടെ തുടക്കമായി.
സ്പെയിന്റെ വിജയം അര്‍ഹിച്ചതായിരുന്നു. സാങ്കേതിക മികവും അച്ചടക്കവും ആക്രമണ ഫുട്ബോളും സമന്വയിപ്പിച്ച ടീം ലോകത്തിലെ ഏറ്റവും മികച്ച സംഘമാണെന്ന് വീണ്ടും തെളിയിച്ചു. മറുവശത്ത്, അവസാന നിമിഷംവരെ പോരാടിയ അര്‍ജന്റീനയും ലോകകപ്പിന്റെ ആവേശം അവസാന വിസില്‍വരെ നിലനിര്‍ത്തി. ലയണല്‍ മെസ്സിയുടെ അനുഭവസമ്പത്തും അര്‍ജന്റീനയുടെ പോരാട്ടവീര്യവും ലോകത്തെ ആവേശത്തിലാഴ്‌ത്തിയപ്പോള്‍, സ്പെയിന്‍ യുവത്വത്തിന്റെ ഊര്‍ജവും ശാസ്ത്രീയമായ ടീം ഫുട്ബോളും കൊണ്ട് പുതിയ അധ്യായം രചിച്ചു. ലാമിന്‍ യമാല്‍, റോഡ്രി, നിക്കോ വില്യംസ്, പൗ കുബാര്‍സി തുടങ്ങിയ യുവതാരങ്ങള്‍ സ്പാനിഷ് ഫുട്ബോളിന്റെ ഭാവി മാത്രമല്ല, ലോകഫുട്ബോളിന്റെ പുതിയ മുഖങ്ങളാണെന്നും തെളിയിച്ചു. ഫൈനലില്‍ അധികസമയത്ത് ഫെറാന്‍ ടോറസിന്റെ ഗോള്‍ സ്പെയിന് കിരീടം സമ്മാനിച്ചെങ്കിലും, ആ വിജയത്തിന്റെ യഥാര്‍ത്ഥ അടിത്തറ മുഴുവന്‍ ടൂര്‍ണമെന്റിലുടനീളമുള്ള കൂട്ടായ്‌മയും തന്ത്രപരമായ മികവും അച്ചടക്കവുമായിരുന്നു.
ഈ ലോകകപ്പ് നിരവധി ടീമുകളുടെ പുനരുജ്ജീവനത്തിന്റെയും അപ്രതീക്ഷിത മുന്നേറ്റങ്ങളുടെയും വേദിയായി. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന അവസാന നിമിഷംവരെ പോരാടി ഫൈനലിലെത്തിയപ്പോള്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മൊറോക്കോ, ജപ്പാന്‍ തുടങ്ങിയ ടീമുകള്‍ തങ്ങളുടെ സ്ഥിരതയും മത്സരക്ഷമതയും തെളിയിച്ചു. വ്യക്തിഗത മികവിനേക്കാള്‍ ടീം ഫുട്ബോളാണ് ആധുനിക കളിയുടെ വിജയമന്ത്രമെന്ന സന്ദേശമാണ് ഈ ലോകകപ്പ് നല്‍കിയത്. മെസ്സി യുഗത്തിന് അന്ത്യമാകുമ്പോള്‍ യമാലിനെ പോലുള്ള യുവതാരങ്ങളുടെ ഉദയം ലോകഫുട്ബോളില്‍ പുതിയ കാലഘട്ടത്തിന്റെ ശുഭസൂചനയായി. അതുകൊണ്ടുതന്നെ ഈ ലോകകപ്പ് ഒരു ചാമ്പ്യനെ മാത്രമല്ല, ഒരു തലമുറമാറ്റത്തെയും ചരിത്രത്തില്‍ രേഖപ്പെടുത്തും.
ആദ്യമായി 48 ടീമുകളുമായി നടന്ന ലോകകപ്പ് ചെറുരാജ്യങ്ങള്‍ക്കും സ്വപ്‌നം കാണാന്‍ അവസരം നല്‍കി. മുമ്പ് ലോകകപ്പിലേക്ക് യോഗ്യത നേടുക പോലും പ്രയാസമായിരുന്ന പല രാജ്യങ്ങള്‍ക്കും ഇത്തവണ ലോകവേദിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമായി അറിയിക്കാനായി. ഫുട്ബോളിന്റെ ജനാധിപത്യവല്‍ക്കരണത്തിലേക്കുള്ള നിര്‍ണായക ചുവടുവെയ്‌പ്പായാണ് ഇതിനെ കാണേണ്ടത്.
ഈ ലോകകപ്പില്‍ മറ്റൊരു മാറ്റവും വ്യക്തമായി. ഫുട്ബോ
ള്‍ ക്രമേണ വലിയ വിനോദവ്യവസായത്തിന്റെ ഭാഗമാവുകയാണ്. കളിയെക്കാള്‍ വാണിജ്യപ്രദര്‍ശനങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ലോകകപ്പ് വെറും കായികമത്സരമല്ല; കോടിക്കണക്കിന് മനുഷ്യരുടെ വികാരമാണ്. ആ വികാരത്തെ വിപണിയുടെ യുക്തിക്ക് പൂര്‍ണമായും വിട്ടുകൊടുക്കാന്‍ പാടില്ല.
സാങ്കേതികവിദ്യയുടെ ഉപയോഗം മത്സരങ്ങളെ കൂടുതല്‍ നീതിപൂര്‍വമാക്കിയെന്നതും നിഷേധിക്കാനാവില്ല. വീഡിയോ അസിസ്റ്റന്റ് റഫറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നിര്‍ണായക തീരുമാനങ്ങളില്‍ കൃത്യത വര്‍ധിപ്പിച്ചു. എന്നാല്‍ കളിയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടാതെയും ആരാധകരുടെ ആവേശം ചോര്‍ന്നുപോകാതെയും സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം ഫിഫയ്‌ക്കുണ്ട്.
ഫുട്ബോളിന്റെ യഥാര്‍ത്ഥ ശക്തി അതിന്റെ സാര്‍വലൗകികതയാണ്. ഭാഷയും മതവും രാഷ്‌ട്രീയവും അതിര്‍ത്തികളും മറികടന്ന് ഒരു പന്തിന് പിന്നില്‍ ലോകത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്ന കായികമത്സരം മറ്റൊന്നില്ല. അതുകൊണ്ടുതന്നെയാണ് ലോകകപ്പ് ഇന്നും മനുഷ്യരാശിയുടെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായി തുടരുന്നത്. ഈ ലോകകപ്പ് ഭാരതത്തിനും ഒരു പാഠപുസ്തകമാണ്. ലോകത്തിലെ ഏറ്റവും വലിയ യുവജനശക്തിയുള്ള രാജ്യമായിട്ടും ഭാരതം ലോകഫുട്ബോളില്‍ ഇന്നും പ്രതീക്ഷിച്ച ഉയരത്തിലെത്തിയിട്ടില്ല. പ്രതിഭകളുടെ കുറവല്ല, ദീര്‍ഘകാല കായിക നയത്തിന്റെ അഭാവമാണ് പ്രധാന കാരണം. സ്‌കൂള്‍തലം മുതല്‍ പ്രതിഭകളെ കണ്ടെത്തുകയും ഗ്രാമീണ കായിക അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയും പരിശീലകരെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയും ക്ലബ് ഫുട്ബോള്‍ സംസ്‌കാരം വളര്‍ത്തുകയും ചെയ്താല്‍ ഭാരതത്തിനും ലോകഫുട്ബോളില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയും.
കേരളത്തിനും ഈ ലോകകപ്പ് നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഫുട്ബോളിനോടുള്ള ആവേശം കേരളത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ ആവേശം മാത്രം മതിയാകില്ല. അതിനെ അക്കാദമികളുടെയും പ്രൊഫഷണല്‍ ക്ലബ്ബുകളുടെയും ശാസ്ത്രീയ പരിശീലന സംവിധാനങ്ങളുടെയും ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെയും കരുത്താക്കി മാറ്റണം. മികച്ച മൈതാനങ്ങളും ദീര്‍ഘകാല പരിശീലനവും ഇല്ലാതെ ലോകോത്തര താരങ്ങള്‍ ജനിക്കില്ല.
മത്സരങ്ങള്‍ അവസാനിക്കും. വിജയികളും പരാജിതരും ചരിത്രത്തിന്റെ ഭാഗമാകും. എന്നാല്‍ ഓരോ ലോകകപ്പും ഉയര്‍ത്തുന്ന യഥാര്‍ഥ സന്ദേശം അതിനപ്പുറത്താണ്. ഐക്യവും അച്ചടക്കവും ദീര്‍ഘവീക്ഷണവും കൂട്ടായ പരിശ്രമവുമാണ് ഏത് രാജ്യത്തെയും വിജയത്തിലേക്ക് നയിക്കുന്നത്. കിരീടങ്ങള്‍ കാലത്തിനനുസരിച്ച് കൈമാറപ്പെടും; എന്നാല്‍ ശക്തമായ കായികനയവും ദൂരക്കാഴ്ചയുള്ള ആസൂത്രണവും മികവുറ്റ കായികസംസ്‌കാരവും സൃഷ്ടിക്കുന്ന രാഷ്‌ട്രങ്ങളാണ് ചരിത്രത്തില്‍ നിലനില്‍ക്കുക.
















