മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ നവവരനടക്കം രണ്ടുപേർ മരിച്ചു. വധുവിന് പരുക്കേറ്റു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ.ടി. ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. പരുക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ. മരിച്ച ഡേവ് ഫിജി ഡെൽറ്റ എയർലൈൻസ് പൈലറ്റാണ്.
നോര്‍ത്ത് ജോര്‍ജിയയില്‍ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്‌ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. ഡോസണ്‍വില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10.30 ഓടെ ആണ് നവദമ്പതികള്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍66 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ദുര്‍ഘടമായ പ്രദേശത്ത് ഹെലികോപ്ടര്‍ തകര്‍ന്നുവീണത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. പരുക്കേറ്റ ഭാര്യ ജെസ്‌നി സുഖം പ്രാപിച്ചുവരുന്നു.












