കൊച്ചി: സമയോചിതമായ ഇടപെടലിലൂടെ ഗുഡ്സ് ട്രെയിൻ അപകടം ഒഴിവാക്കിയ ട്രാഫിക് വിഭാഗം ജീവനക്കാരൻ എം.മഹേഷിന് അഭിനന്ദന പ്രവാഹം. തിരുവനന്തപുരം ഡിവിഷനൽ ജനറൽ മാനേജർ ആർ.മുകുന്ദ് പ്രശംസാപത്രവും കാഷ് അവാർഡും മഹേഷിന് സമ്മാനിച്ചു. നിരവധി സംഘടനകളും മഹേഷിനെ ആദരിച്ചു.
കഴിഞ്ഞ എട്ടിന് വല്ലാർപാടത്ത് നിന്നും 80 കണ്ടെയ്നറുകളുമായി ബെംഗളുരുവിലേക്ക് പുറപ്പെട്ട ഗുഡ്സ് ട്രെയിനിനെയാണ് മഹേഷ് അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. അസാധാരണമായ ശബ്ദം കേട്ടതിനെതുടർന്ന് അപകടം മനസിലാക്കിയ മഹേഷ് പിന്നോട്ട് ഓടി ഗാർഡിനെ ചുവപ്പു കൊടി കാണിക്കുകയായിരുന്നു. ഈ സമയം ട്രെയിനിന്റെ പകുതി വേമ്പനാട്ട് പാലത്തിലേക്ക് കയറിയിരുന്നു.
മഹേഷ് ചുവപ്പ് കൊടി വീശിക്കൊണ്ട് പിന്നോട്ട് ഓടുന്നതു കണ്ട ഗാർഡ് ഉടൻ തന്നെ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയും ലോക്കോപൈലറ്റിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുപത്തിയഞ്ചാമത്തെ വാഗണിലെ ചക്രങ്ങൾക്ക് തകരാർ കണ്ടെത്തുകയായിരുന്നു. മെക്കാനിക്കൽ ജീവനക്കാരെത്തി തകരറുള്ള വാഗൺ ഒഴിവാക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. തകരാർ മഹേഷിന്റെ ശ്രദ്ധയിൽപ്പെടാതെ ട്രെയിൻ മുൻപോട്ടു പോകുകയായിരുന്നുവെങ്കിൽ പാലത്തിന് മുകളിൽ വച്ച് പാളം തെറ്റി കായലിലേക്ക് മറിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: