കൊച്ചി: റെഡ് ബുള്‍ നെയ്‌മര്‍ ജൂനിയേഴ്സ് ഫൈവിന്റെ കൊച്ചി സിറ്റി യോഗ്യതാ മത്സരത്തില്‍ ഒയാസിസ് എഫ്സിയെ 2-1-ന് തോല്‍പ്പിച്ച് ആതന്‍സ് എഫ്സി ജേതാക്കളായി. ഏപ്രിലില്‍ നടക്കുന്ന ദേശീയ ഫൈനലില്‍ ആതന്‍സ്, കൊച്ചിയെ പ്രതിനിധീകരിക്കും.
ആതന്‍സ് എഫ്സി ഏകപക്ഷീയമായ അഞ്ചു ഗോളിന് ആര്‍എഫ്സിയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. ഒയാസിസ് എഫ്സി സെമിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്ലാക് പുള്‍ കൊച്ചിയെ തോല്‍പ്പിച്ചു ദേശീയ ഫൈനസിലെ വിജയികള്‍ ജൂലൈയില്‍ ബ്രസീലില്‍ നടക്കുന്ന ആഗോള ഫൈനലില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യും.
ഗ്ലോബല്‍ കണ്‍സ്യൂമര്‍ ആക്ടിവേഷന്റെ ഭാഗമായി മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നടത്തുന്ന റെഡ് ബുള്‍ നെയ്‌മര്‍ ജൂനിയേഴ്സ് ഫൈവ് ലോകത്തിലെ ഏറ്റവും മികച്ച ഏഴു താരങ്ങളെയാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി, ഫുട്ബോള്‍ മികവു ബോധ്യപ്പെടുത്തുന്ന പരമാവധി 60 സെക്കന്റ്സ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ഇന്‍സ്റ്റഗ്രാമില്‍ outplaythemall, tagging@redbullneymarjrsfive എന്ന ടാഗ് ലൈനിലൂടെ പ്രദര്‍ശിപ്പിക്കണം. പോസ്റ്റില്‍ സ്വന്തം രാജ്യം ഏത് എന്നത് സൂചിപ്പിക്കുകയും വേണം. ഇതില്‍ നിന്ന് ആറു കളിക്കാരെ പ്രൊഫഷണല്‍സ് അടങ്ങുന്ന ഒരു ജൂറി തെരഞ്ഞെടുക്കും. ഏഴാമത്തെ ആളെ നെയ്‌മര്‍ ജൂനിയര്‍ നേരിട്ട് സെലക്ട് ചെയ്യും. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജൂനിയര്‍ ഗ്ലോബല്‍ ഫൈവ് താരങ്ങള്‍ ബ്രസീലില്‍ നടക്കുന്ന ലോക ഫൈനലില്‍ ജേതാക്കളായി വരുന്ന ദേശീയ ചാമ്പ്യന്‍ ടീമുമായി ഏറ്റുമുട്ടും.
















