ഹാമില്‍ട്ടന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മ. ഓപ്പണറായി 10,000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് ഇന്ന് കുറിച്ചത്. സച്ചിന്‍, സേവാഗ്, ഗവാസ്‌കര്‍ എന്നിവരാണ് ഇതിനുമുന്‍പ് ഓപ്പണറായി 10,000 ക്ലബ്ബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
ഓപ്പണറായി ഇന്ത്യയ്‌ക്ക് വേണ്ടി ഏറ്റവുമധികം അന്താരാഷ്‌ട്ര റണ്‍സ് സ്വന്തമാക്കിയത് വീരേന്ദര്‍ സേവാഗാണ്. 15758 റണ്‍സാണ് വീരുവിന്റെ സമ്പാദ്യം. പട്ടികയില്‍ രണ്ടാമതുള്ളത് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 15335 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. മൂന്നാമതുള്ള സുനില്‍ ഗവാസ്‌കര്‍ 12,258 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പട്ടികയിലേക്കെത്തിയ രോഹിതിന്റെ അക്കൗണ്ടില്‍ 10,017 റണ്‍സാണുള്ളത്.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ 40 പന്തില്‍ നിന്ന് 65 റണ്‍സുമെടുത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രോഹിത് സൂപ്പര്‍ ഓവറിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. നാല് പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളടക്കം 15 റണ്‍സാണ് രോഹിത് നേടിയത്.
















