ഹാമില്‍ട്ടണ്‍: പാവങ്ങളോട് ഇങ്ങനെ പ്രതികാരം ചെയ്യാമോ? അനായാസ ജയം പ്രതീക്ഷിച്ച മത്സരം കീവിസില്‍ നിന്ന് തട്ടിയെടുത്ത് ടീം ഇന്ത്യ. സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ രക്ഷകനായ രോഹിതിന്റെ രണ്ടു സിക്‌സറുകളാണ് സൂപ്പര്‍ വിജയം സമ്മാനിച്ചത്.. അവസാന പന്തുവരെ ആവേശം വാനോളം ഉയര്‍ന്ന മത്സരത്തില്‍ ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡ് നിഷ്പ്രായാസം ജയിക്കുമെന്ന് കരുതിയെങ്കിലും മത്സരം ടൈയില്‍ ഒതുക്കുകയായിരുന്നു ഇന്ത്യന്‍ ടീം. സൂപ്പര്‍ ഓവറാണ് വിജയികളെ തീരുമാനിച്ചത്. സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ അലസമായ ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ വിക്കറ്റാണ് ഏറെ നിര്‍ണായകമായത്. ഒമ്പതു റണ്‍സ് വേണ്ടിരുന്ന അവസാന ഓവര്‍ എറിഞ്ഞത് ഷമിയായിരുന്നു. ആദ്യ പന്തില്‍ തന്നെ റോസ് ടെയ്‌ലര്‍ വക സികസ്. പിന്നീട് അടുത്ത പന്തില്‍ വില്യംസണ്‍ പുറത്ത്. പീന്നീട് എറിഞ്ഞ രണ്ടു പന്തിലും റണ്‍സ് നേടാനായില്ല. അടുത്ത പന്തില്‍ ഒരു റണ്‍സ് നേടിയതോടെ മത്സരം ടൈ. അവസാന പന്തില്‍ ഒരു റണ്‍സ് വേണ്ടിയിരുന്ന കീവിസിന്റെ റോസ് ടെയ്‌ലറെ ഷമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു.
സൂപ്പര്‍ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് നേടിയത് ഒരോവറില്‍ 17 റണ്‍സ്. വിജയിക്കാന്‍ 18 റണ്‍സ് എന്ന ലക്ഷ്യത്തിനായ ഇറങ്ങിയത് രോഹിതും രാഹുലും ആദ്യ പന്തുകളില്‍ ബൗണ്ടറികള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം കൈവിട്ട അവസ്ഥയിലായി. മൂന്നാം പന്തില്‍ രാഹുല്‍ വക ബൗണ്ടറി. അടുത്ത പന്തില്‍ ഒരു റണ്‍സ്. ഇതോടെ അവസാന രണ്ടു പന്തില്‍ ഇന്ത്യക്ക് വേണ്ടത് പത്തു റണ്‍സ്. സൗത്തിയുടെ അവസാന രണ്ടു പന്തും സിക്‌സറുകള്‍ പറത്തി രോഹിത് ഇന്ത്യക്ക് സമ്മാനിച്ചത് സ്വപ്‌ന തുല്യ ജയവും പരമ്പരയും.
180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ ഗപ്റ്റിലും മണ്‍റോയും മികച്ച തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 47 റണ്‍സ് അടിച്ചുകൂട്ടി. ഗപ്റ്റിലിനു പിന്നാലെ മണ്‍റോയും മടങ്ങിയതോടെ മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചു വരുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് ഇറങ്ങിയ കിവീസ് ക്യാപ്റ്റന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടാമാണ് ഹാമല്‍ട്ടണില്‍ കാണാനായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. ട്വന്റി20യിലെ 20ാം അര്‍ധസെഞ്ചുറി കുറിച്ച രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 40 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 65 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി 27 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു. ന്യൂസീലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ടു മൂന്നു വിക്കറ്റ് വീഴ്‌ത്തി.
















