മെല്‍ബണ്‍: പരിക്കിനെയും എതിരാളിയുടെ പോരാട്ടവീര്യത്തെയും അതിജീവിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെത്തി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സീഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം ടെന്നിസ് സാന്‍ഡ്‌ഗ്രെനിനെ കീഴടക്കിയാണ് മൂന്നാം സീഡായ ഫെഡറര്‍ സെമിയിലെത്തിയത്. സ്‌കോര്‍ 6-3, 2-6, 2-6, 7-6, 6-3. ഏഴ് മാച്ച് പോയന്റുകള്‍ അതിജീവിച്ചാണ് ഫെഡററുടെ അവിശ്വസനീയ ജയം.
ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍ക്ക് പക്ഷെ തുടയിലെ പരിക്ക് അലട്ടിയതോടെ രണ്ടു മൂന്നും സെറ്റുകളില്‍ കാര്യമായൊന്നും ചെയ്യാനായില്ല. നിര്‍ണായ നാലാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീങ്ങിയതോടെ ഒരിക്കല്‍ കൂടി ഫെഡറര്‍ പഴയ ഫോമിലേക്ക് തിരിച്ചെത്തി. 7-6ന് നാലാം സെറ്റ് സ്വന്തമാക്കിയ ഫെഡറര്‍ അഞ്ചാം സെറ്റില്‍ എതിരാളിക്ക് അവസരമൊന്നും നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി.
















