അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്കിന്റെ രണ്ടാം ടീസര്‍ യുട്യൂബില്‍ വന്‍ഹിറ്റ്. ആരാധകര്‍ക്ക് പുതുവത്സര സമ്മാനമെന്നോണം അര്‍ദ്ധരാത്രിയാണ് സിനിയുടെ അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തുവിട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസില്‍ ഉപയോഗിച്ച ‘തീയാമ്മേ’ എന്ന നാടന്‍ ഗാനത്തിന് മമ്മൂട്ടി നൃത്തം ചെയ്ത് ആഘോഷിക്കുന്ന വീഡിയോയാണ് ടീസറായി പുറത്തുവന്നിരിക്കുന്നത്. യുട്യൂബ് ട്രെന്റ് ലിസ്റ്റില്‍ ഇടംപിടിച്ച ടീസറിന് ഇതിനകം നാല് ലക്ഷത്തിലധികം കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ജനുവരിയിലേക്ക് നീട്ടുകയായിരുന്നു.
















