കൊല്‍ക്കത്ത: പാകിസ്ഥാനെതിരേ ഗബ്ബയില്‍ നടന്ന ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം കൊയ്ത ശേഷം ഇന്ത്യക്കെതിരെ ഓസിസ് നായകന്‍ പെയ്‌നിന്റെ വെല്ലുവിളി. അടുത്ത വര്‍ഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പിങ്ക് ടെസ്റ്റില്‍ കളിക്കുമോയെന്നത് കോഹ്‌ലിയെക്കൂടി ആശ്രയിച്ചായിരിക്കുമെന്ന് പെയ്ന്‍ പരിഹാസരൂപേണ പറഞ്ഞു.ധെെര്യമുണ്ടെങ്കില്‍ തങ്ങളോടു കളിക്കുമോയെന്നും പെയ്ന്‍ ചോദിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓസീസ് പര്യടനത്തില്‍ ഡേനൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതിനെ പരാമര്‍ശിച്ചായിരുന്നു പെയ്‌നിന്റെ പരിഹാസവും വെല്ലുവിളിയും.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്നിങ്‌സിനും 46 റണ്‍സിനും ബംഗ്ലാദേശിനെ ഇന്ത്യ തുരത്തുകയായിരുന്നു. ഈ ടെസ്റ്റിനു പിന്നാലെ പെയ്‌നിന്റെ വെല്ലുവിളിയും വന്നു. എന്നാല്‍ ഏതുവെല്ലുവിളിയും ഏറ്റെടുക്കാന്‍ ടീം തയ്യാറാണെന്ന് കോഹ്‌ലി പറഞ്ഞു. സ്വന്തം നാട്ടില്‍ ഒരു ഡേനൈറ്റ് ടെസ്‌റ്റെങ്കിലും കളിച്ച ശേഷം മാത്രമേ വിദേശത്തു പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കൂയെന്നായിരുന്നു കോഹ്‌ലിയുടെ തുടക്കം മുതലുള്ള നിലപാട്. സ്വന്തം സാഹചര്യത്തില്‍ പിങ്ക് ബോള്‍ വെല്ലുവിളി നേരിടുകയന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലിപ്പോള്‍ കൊല്‍ക്കത്തയില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതോടെ ഏതു വെല്ലുവിളി ഏറ്റെടുക്കാനും ടീം തയ്യാറാണെന്നു കോഹ്‌ലി വ്യക്തമാക്കിയത്. വിദേശത്ത് പിങ്ക് ബോള്‍ ഗെയിം കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ നാട്ടില്‍ നല്ലൊരു തയ്യാറെടുപ്പ് ലഭിച്ചത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീം ഇപ്പോള്‍ എന്തിനും തയ്യാറാണ്. പെട്ടെന്നൊരു ദിവസം പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ കഴിയില്ലെന്നതിനാലാണ് നേരത്തേയെല്ലാം തങ്ങള്‍ ഇതിനു തയ്യാറാവാതിരുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഗബ്ബയില്‍ ടെസ്റ്റ് കളിക്കാനും ഡേനൈറ്റ് ടെസ്റ്റില്‍ കളിക്കാനും കോഹ്‌ലി കൂടി സമ്മതിക്കേണ്ടതുണ്ടെന്നാണ് പെയ്ന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കോഹ്‌ലിയില്‍ നിന്നും ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇതിനു മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. ഡേ ആന്‍ഡ് നൈറ്റ് ടെസ്‌റ്റോടെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനം തുടങ്ങാന്‍ ടീം ഇന്ത്യ ഇനിയെങ്കിലും തയ്യാറാകണമെന്നും പെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ബ്രിസ്‌ബേനില്‍ പാകിസ്ഥാനെതിരായ ഇന്നിംഗ്‌സ് ജയത്തിന് ശേഷമായിരുന്നു വിരാട് കോഹ്‌ലിക്കെതിരെ ഓസീസ് നായകന്റെ മുനവെച്ച പരാമര്‍ശം. കോഹ്‌ലി നല്ല മൂഡിലാണെങ്കില്‍ ഇന്ത്യയുടെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനം പിങ്ക് ടെസ്‌റ്റോടെ തുടങ്ങാമെന്നാണ് ടിം പെയിന്‍ വ്യക്തമാക്കിയത്. അടുത്ത വര്‍ഷം(2020) നവംബര്‍ഡിസംബര്‍ മാസങ്ങളിലാണ് ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം.
















