മാങ്ങാട്ടുപറമ്പ്: കായികമേളയിലെ അവസാന ദിനത്തില്‍ ആവേശം കൊള്ളിച്ച ഇനങ്ങളിലൊന്നായിരുന്നു ഇരുന്നൂറു മീറ്റര്‍ മത്സരം. പാലക്കാടും തിരുവനന്തപുരവും കോഴിക്കോടും കരുത്തുകാട്ടിയ ഇരുന്നൂറു മീറ്ററില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റെക്കോഡും പിറന്നു. മീറ്റിലെ മൂന്നാം സ്വര്‍ണം നേടിയ ആന്‍സി സോജന്റെ വകയായിരുന്നു റെക്കോഡ്. 24.53 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് പുത്തന്‍ റെക്കോഡിട്ടത്. 2015ല്‍ 24.76 സെക്കന്‍ഡില്‍ ജിസ്ന മാത്യു സ്ഥാപിച്ച റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഈ മീറ്റില്‍ ആന്‍സിയുടെ മൂന്നാം റെക്കോഡാണിത്. നൂറു മീറ്റര്‍, ലോങ്ജമ്പ് ഇനങ്ങളില്‍ നേരത്തെ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.
കോട്ടയം സെന്റ് പീറ്റേഴ്സ് കുറുമ്പനാടം താരം അഞ്ജലി. പി.ഡി 25.70 സെക്കന്‍ഡില്‍ വെള്ളിയും എറണാകുളം സേക്രഡ് ഹാര്‍ട്ട്‌സിന്റെ ഗൗരി നന്ദന 25.88 സെക്കന്‍ഡില്‍ വെങ്കലവും നേടി.
ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായ് താരം അഖില്‍ ബാബു 22.46 സെക്കന്‍ഡില്‍ സ്വര്‍ണവും തൃശൂര്‍ കോണ്‍കോര്‍ഡ് ഇംഗ്ലീഷ് സ്‌കൂളിലെ മുഹമ്മദ് സജീവ് 22.58 സെക്കന്‍ഡില്‍ വെള്ളിയും നേടി. പാലക്കാട് കുമരംപുത്തൂരിന്റെ മുഹമ്മദ് ഷനൂബ് 22.80 സെക്കന്‍ഡില്‍ വെങ്കലം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് മാത്തൂരിന്റെ അഭിജിത്. കെ 22.66 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. നേരത്തെ അഭിജിത് 400 മീറ്ററില്‍ വെള്ളി നേടിയിരുന്നു. മലപ്പുറം ഐഡിയലിലെ മുഹമ്മദ് ഷാന്‍ 22.94 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് ചിറ്റിലഞ്ചേരിയുടെ മുഹമ്മദ് ഫാസല്‍ 23.03 സെക്കന്‍ഡില്‍ വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ എസ്എംവി പൂഞ്ഞാറിലെ സാന്ദ്ര മോള്‍ സാബു 25.58 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. സാന്ദ്ര നേരത്തെ നൂറ് മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. കൊല്ലം സായ്യിലെ നയനാ ജോസ് 26.77 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറയുടെ സാനിയ ട്രീസ ടോമി 26.79 സെക്കന്‍ഡില്‍ വെങ്കലവും നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം ശ്രീ അയ്യങ്കാളി സ്‌കൂളിലെ വിഷ്ണു. എം.കെ 24.28 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. വിഷ്ണു നേരത്തെ 400 മീറ്ററില്‍ സ്വര്‍ണവും നൂറ് മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. വയനാട് കാര്‍ത്തികുളം സ്‌കൂളിലെ രമേശ്. പി.എസ്. 24.57 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് കുമരംപുത്തൂരിന്റെ നോയിറം നെറോം ചിങ്ഗായി സിങ് 24.93 സെക്കന്‍ഡില്‍ വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ശാരിക സുനില്‍കുമാര്‍ 200 മീറ്ററിലും സ്വര്‍ണം നേടി. 26.75 സെക്കന്‍ഡിലായിരുന്നു ശാരികയുടെ നേട്ടം. പാലക്കാട് കാണിക്കമാതാ സ്‌കൂളിലെ താരാ. ജി 27.18 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ നിവേദ്യ. ജെ.എസ് 27.63 സെക്കന്‍ഡില്‍ വെങ്കലവും നേടി.
















