കണ്ണൂര്‍: സഹപാഠിയുടെ റെക്കോഡ് തകര്‍ത്ത് ബ്ലെസി ദേവസ്യ ഹാമര്‍ ത്രോയില്‍ താരമായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ 52.38 ദൂരം എറിഞ്ഞാണ് മാതിരപ്പള്ളി ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു അഗ്രികള്‍ച്ചര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ ബ്ലെസി ദേവസ്യ സഹപാഠിയായ കെസിയ മറിയത്തിന്റെ റെക്കോഡ് (50.14 മീറ്റര്‍) തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം ബ്ലെസിക്ക് സംസ്ഥാന തലത്തില്‍ വെള്ളി ലഭിച്ചിരുന്നു. തന്റെ ഏറ്റവും മികച്ച ദൂരം എറിയാനായില്ലെന്നതില്‍ വിഷമമുണ്ടെന്ന് ബ്ലെസി പറഞ്ഞു. 53 മീറ്ററാണ് ബ്ലെസിയുടെ പേഴ്‌സണല്‍ ബെസ്റ്റ്.
ഹൈജമ്പ് താരവും രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമായ ജെയ്‌നമ്മയുടെയും വോളിബോള്‍ – ഹൈജമ്പ് താരവും പയ്യാവൂര്‍ പൈസക്കരിയിലെ മര്‍മ വൈദ്യനുമായ എ.ടി. ദേവസ്യയുടെയും മകളാണ്. അച്ഛന്‍ ദേവസ്യയുടെ കീഴില്‍ ആയിരുന്നു ആദ്യ പരിശീലനം. നിലവില്‍ കായിക അധ്യാപകന്‍ പി.ഐ. ബാബുവാണ് കോച്ച്.
പാലക്കാട് കുമരംപുത്തൂരിലെ കല്ലടി എച്ച്എസ് ഗൗരി ശങ്കരി 38.22 ദൂരത്തിലെറിഞ്ഞ് വെള്ളിയും 35.45 ദൂരത്തിലെറിഞ്ഞ് തിരുവനന്തപുരം ജിവി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ റോസ്മി റോണി വെങ്കലവും നേടി.
















