തിരുവനന്തപുരം: തീവ്രവാദബന്ധമുള്ള സിപിഎം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പോലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
ഏതാനും ചില സിപിഐ, സിപിഎം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസുകള്‍ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നത്.
കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് പരിശോധിക്കാനാണ് സിപിഎം നേതൃത്വം തയ്യാറാവേണ്ടത്. കേസന്വേഷണം എന്‍ഐഎയ്‌ക്കു കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ വ്യക്തമാക്കി.
















