ന്യൂദല്‍ഹി: തന്റെ മാതൃഭാഷയായ തമിഴിനെ അവഗണിക്കുന്നു എന്ന വിമര്‍ശനത്തിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഹിന്ദിക്കും ഇംഗ്ലീഷിനും മാത്രമാണ് മിതാലി പ്രധാന്യം കൊടുക്കുന്നതെന്നും തമി്ിനെ മനപൂര്‍വ്വം അവഗണിക്കുന്നുവെന്നുമാണ് ഭാഷാ പ്രേമികള്‍ ആരോപിച്ചത്. ട്വിറ്ററില്‍ നടന്ന വാക്‌പോരിലാണ് വിമര്‍ശിച്ചയാളെ മിതാലി തമിഴിലൂടെ തന്നെ തിരിച്ചടിച്ചാണ് ഏല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. ദക്ഷിണാഫ്രിക്കന്‍ വനിതകളുമായുള്ള ഏകദിന പരമ്പര (3-0) സ്വന്തമാക്കിയതിനു പിന്നാലെ മിതാലിക്കും കൂട്ടര്‍ക്കും അഭിനന്ദവുമായി ‘ക്രിക്കറ്റ് ദൈവം’ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ എത്തിയിരുന്നു.
സച്ചിന് മറുപടിയായി ‘താങ്ക്യൂ ചാംപ്യന്‍’ എന്ന് അവസാനിക്കുന്ന കമന്റാണ് മിതാലി ട്വിറ്ററില്‍ കുറിച്ചത്. ഈ ഇംഗ്ലിഷ് പോസ്റ്റാണ് തമിഴ് ഭാഷാപ്രേമികളെ ചൊടിപ്പിച്ചത്. മിതാലിക്ക് തമിഴ് അറിയില്ല, ഇംഗ്ലിഷും ഹിന്ദിയും മാത്രമേ അറിയൂ എന്നായിരുന്നു വിമര്‍ശനം. എന്നാല്‍, തൊട്ടു പിന്നാലെ മറുപടിയുമായി മിതാലി എത്തി. തമിഴാണ് എന്റെ മാതൃഭാഷ. അതിലുപരി ഇന്ത്യക്കാരി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും തമിഴിലും ഇംഗ്ലീഷിലുമായി മിതാലി ട്വിറ്ററില്‍ കുറിച്ചു. ഇതിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.
















