ആലപ്പുഴ: അരൂരില്‍ എന്‍.ഡി.എയുടെ പോരാളിയായി മത്സരിക്കുന്നത് ബിജെപിയുടെ യുവരക്തം അഡ്വ. പ്രകാശ് ബാബു മണ്ഡലത്തില്‍ പ്രചരണം തുടങ്ങി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കൂടിയായ അദേഹം ഇന്നലെ രാത്രി തന്നെ അരൂരില്‍ എത്തിയിരുന്നു. പ്രകാശ് ബാബു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍നിന്നും 2016ല്‍ ബേപ്പൂരില്‍നിന്നും മത്സരിച്ചു. ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് നരിപ്പറ്റ സ്വദേശിയാണു പ്രകാശ് ബാബു. നരിപ്പറ്റ ആര്‍.എന്‍.എം. ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായായിരിക്കെ എ.ബി.വി.പിയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. യുവമോര്‍ച്ച നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് ബി.എസ്‌സി, കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് രണ്ടാം റാങ്കോടെ എല്‍എല്‍.ബി, ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വഹണ നിയമത്തിലും ബിരുദാനന്തര ബിരുദം, മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഒന്നാം ക്ലാസോടെ എം.എല്‍. ബിരുദം എന്നിവ കരസ്ഥമാക്കി. യു.ജി.സി. നെറ്റ് യോഗ്യതയുമുണ്ട്.
















