ന്യൂദല്‍ഹി : ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം പുതിയതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ക്കും നിലവിലെ ജമ്മു കശ്മീര്‍ ടീമില്‍ കളിക്കാമെന്ന് ബിസിസിഐ തലവന്‍ വിനോദ് റായ്. വിഘടനവാദികളെ തുരത്താനായി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സര്‍ക്കാര്‍ വിഭജിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ടീമില്‍ അത്തരമൊരു വിഭജനം ഉദ്ദേശിക്കുന്നില്ലന്നും ലഡാക്കിലുള്ളവര്‍ക്ക് ജമ്മു കശ്മീര്‍ ടീമിലും കളിക്കാമെന്ന് ബിസിസിഐ വ്യക്തമാക്കി.
ബിസിസിഐയുടെ ആഭ്യന്തര മത്സരങ്ങളില്‍ പഴയ രീതിയതനുസരിച്ച് തന്നെ ലഡാക്ക് മേഖലയിലുള്ളവര്‍ക്കും ജമ്മു കശ്മീര്‍ ടീമില്‍ കളിക്കാം. എന്നാല്‍, ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമില്‍ നാളിതുവരെ ലഡാക്ക് മേഖലയില്‍നിന്നുള്ള ഒരാള്‍ പോലും ഇടം നേടിയതായി വിവരമില്ല. പുതിയ രഞ്ജി സീസണ്‍ ഡിസംബറിലാണ് ആരംഭിക്കുന്നത്.
















