ന്യൂദല്ഹി: 2020 ലെ ദല്ഹി കലാപത്തിന് പ്രേരണ നല്കിയതിന് ആം ആദ്മി പാര്ട്ടി മുന് കൗണ്സിലര് താഹിര് ഹുസൈന് രണ്ട് വര്ഷം തടവും
10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കര്കര്ഡൂമ കോടതിയിലെ അഡീഷണല് സെഷന്സ് ജഡ്ജ്. നിലവില് അങ്കിത് ശര്മ്മ വധക്കേസില് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് താഹിര്.
കുറ്റവാളിയുടെ സജീവ പങ്കാളിത്തം പ്രോസിക്യൂഷന് തെളിയിച്ചില്ല എന്നതു കൊണ്ട് കലാപകാരികള്ക്കായി തന്റെ വീട് നല്കിയതു വഴി താഹിര് ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. നയിക്കുന്ന കൈ പ്രവര്ത്തിക്കുന്ന കൈ പോലെ തന്നെ കുറ്റക്കാരനാണ്, അല്ലെങ്കില് കൂടുതല് കുറ്റക്കാരനാണ് ‘ കോടതി വിലയിരുത്തി.
2020 ഫെബ്രുവരി 24 ന് തന്റെ കട കൊള്ളയടിച്ച് തീയിട്ടതായും സാധനങ്ങള് മോഷ്ടിച്ചതു വഴി 18 ലക്ഷം രൂപയും സ്വത്തു വകയില് 10 ലക്ഷം രൂപയും നഷ്ടമുണ്ടായതായും പരാതിക്കാരനായ ഇര്ഷാദ് അലി ചൂണ്ടിക്കാട്ടിയിരുന്നു. താഹിര് ഹുസൈനെ പിന്തുണച്ച് കലാപകാരികള് മുദ്രാവാക്യം വിളിച്ചതായി മറ്റൊരു പരാതിക്കാരനായ മുഹമ്മദ് സാഹിദ് വ്യക്തമാക്കി. രണ്ട് കോണ്സ്റ്റബിള്മാര് താഹിറിനെ തിരിച്ചറിയുകയും ചെയ്തു.
















