ന്യൂദല്ഹി: തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ എസിപി വിവേക് ഭഗത്തിനെ ജാതീയ അധിക്ഷേപം നടത്തിയ വനിതാ മാധ്യമപ്രവര്ത്തക റോസിയ്ക്കെതിരായ ക്രിമിനല് കേസിലെ അന്വേഷണം സ്റ്റേ ചെയ്യാന് ദല്ഹി ഹൈക്കോടതി വിസമ്മതിച്ചു.
ഈ കേസിലെ തുടര്നടപടികള് റദ്ദാക്കണമെന്ന മാധ്യമപ്രവര്ത്തകയ്ക്കു വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് തന്വീര് അഹമ്മദ് മിറിന്റെ ആവശ്യം ജസ്റ്റിസ് പുഷ്കര്ണ്ണ തള്ളി. എസ്സി/എസ്ടി ആക്ട് പ്രകാരമുള്ള കേസ് സ്റ്റേ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ദസറ അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഒക്ടോബര് 3 ന് ദല്ഹിയില് ജന്തര് മന്തറിന് സമീപം ക്രമസമാധാന ചുമതലകള് നിര്വഹിക്കുന്നതിനിടെ, മാധ്യമപ്രവര്ത്തക തന്റെ ജാതിയെക്കുറിച്ച് അപമാനകരമായ പരാമര്ശങ്ങള് നടത്തിയെന്നും എസിപിയായി നിയമിച്ചതിനെ ചോദ്യം ചെയ്തെന്നും വിവേക് ഭഗത് ഹര്ജിയില് ചൂണ്ടിക്കാട്ടി.
ഇതേ പ്രതിഷേധത്തിനിടെ വിവേക് ഭഗത്തിനെതിരെ ലൈംഗിക പീഡനവും കൈയേറ്റവും ആരോപിച്ച് മാധ്യമപ്രവര്ത്തകയും പരാതി നല്കിയിട്ടുണ്ട്.
















