ന്യൂദല്ഹി: മഹാരാഷ്ട്ര, ഒഡീഷ, ജമ്മു കശ്മീര് എന്നിവിടങ്ങളിലായി അഞ്ച് ഇന്ഡസ്ട്രിയല് ട്രെയിനിംഗ് ഇന്സ്റ്റിറ്റ്യൂട്ട് (ITI) ക്ലസ്റ്ററുകള്ക്കായി ഏകദേശം 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്ക്ക് ‘പിഎം-സേതു’ വിന്റെ ആറാമത് നാഷണല് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് അംഗീകാരം നല്കി. ‘പ്രധാന് മന്ത്രി സ്കില്ലിംഗ് ആന്ഡ് എംപ്ലോയബിലിറ്റി ട്രാന്സ്ഫോര്മേഷന് ത്രൂ അപ്ഗ്രേഡഡ് ഐടിഐഎസ്’ പദ്ധതിക്ക് കീഴില് ഇതുവരെ അംഗീകരിച്ച ആകെ നിക്ഷേപം ഈ തീരുമാനങ്ങളോടെ 3,687 കോടി രൂപയിലധികമായി ഉയര്ന്നുവെന്ന് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം അറിയിച്ചു.
നിക്ഷേപ പദ്ധതികള്ക്ക് അംഗീകാരം നല്കിയത്, ഐടിഐകളെ ശക്തിപ്പെടുത്തുന്നതിനും പരിശീലന നിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യവസായ മേഖലയുടെ പങ്കാളിത്തം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സെക്രട്ടറി ദേബാശ്രീ മുഖര്ജി പറഞ്ഞു. ജമ്മു കശ്മീര് കൈവരിച്ച പുരോഗതി പ്രോത്സാഹനജനകമാണെന്നും അവര് അഭിപ്രായപ്പെട്ടു. ഇത് ആ മേഖലയിലെ യുവാക്കള്ക്ക് നൈപുണ്യ പരിശീലനം നല്കുന്നതിനും അവസരങ്ങള് വിപുലീകരിക്കുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്നും അവര് ചൂണ്ടിക്കാട്ടി.
പരിശീലനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ, മികച്ച തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന നൈപുണ്യം യുവാക്കള്ക്ക് നേടിക്കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ദേബാശ്രീ മുഖര്ജി വ്യക്തമാക്കി.
















