ജോഹന്നസ്ബര്‍ഗ്: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കാമെന്ന എ ബി ഡിവില്ലിയേഴ്‌സിന്റെ വാഗ്ദാനം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക നിരസിച്ചതായി റിപ്പോര്‍ട്ട്.
ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ കളിക്കാമെന്ന വാഗ്ദാനവുമായി ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ സമീപിച്ചത്. ക്യാപ്റ്റന്‍ ഫാ ഡുപ്ലെസിസ്, പരിശീലകന്‍ ഒട്ടിസ് ഗിബ്‌സണ്‍, സെലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ലിന്‍ഡ സോണ്‍ഡി എന്നിവരെ സമീപിച്ചാണ് ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം അറിയിച്ചത്. പക്ഷെ ടീം മാനേജ്‌മെന്റ് ഇത് നിരസിച്ചു.
രണ്ട്് കാരണങ്ങളാലാണ് ഡിവില്ലിയേഴ്‌സിന്റെ വാഗ്ദാനം നിരസിച്ചത്. ലോകകപ്പിന് ഒരു വര്‍ഷം മുമ്പ് വിരമിച്ചതിനാല്‍ ഡിവില്ലിയേഴ്‌സിന് ലോകകപ്പിന് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡം പാലിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി. ലോകകപ്പിന് പരിഗണിക്കുന്നതിന് ദക്ഷിണാഫ്രിക്കന്‍ ദേശീയ ക്രിക്കറ്റിലോ രാജ്യാന്തര മത്സരങ്ങളിലോ കളിക്കണം.
മുപ്പത്തിയഞ്ചുകാരനായ ഡിവില്ലിയേഴ്‌സിനെ തിരിച്ചുവിളിക്കുന്നത് അദ്ദേഹത്തിന്റെ അഭാവത്തില്‍ രാജ്യത്തിനായി മികവ് പ്രകടിപ്പിക്കുന്ന താരങ്ങളോടുള്ള നീതികേടാകുമെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വെളിപ്പെടുത്തി. പരിചയ സമ്പന്നനായ ഡിവില്ലിയേഴ്‌സ് കഴിഞ്ഞവര്‍ഷം മേയിലാണ് വിരമിച്ചത്്. 228 ഏകദിനങ്ങളില്‍ 9577 റണ്‍സ് നേടി.
















