ലണ്ടന്‍: ഓപ്പണര്‍ ജേസണ്‍ റോയിയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചു.161 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇംഗ്ലണ്ട് 17.3 ഓവറില്‍ ബെയര്‍സ്‌റ്റോയുടെ വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 38.4 ഓവറില്‍ 160. ഇംഗ്ലണ്ട് 17.3 ഓവറില്‍ ഒരു വിക്കറ്റിന് 161.
ട്വന്റി 20 മത്സരത്തിലേതുപോലെ തകര്‍ത്തടിച്ച ജേസണ്‍ റോയി 46 പന്തില്‍ 89 റണ്‍സ് നേടി കീഴടങ്ങാതെ നിന്നു. പതിനൊന്ന് ഫോറും നാല് സിക്‌സറും റോയിയുടെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നു. ജോ റൂട്ട് 37 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന്് പന്ത് ബൗണ്ടറി കടത്തി. ഓപ്പണര്‍ ബെയര്‍സ്‌റ്റോ 22 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും അടക്കം 39 റണ്‍സ് കുറിച്ചു. മുഹമ്മദ് നബിയാണ് ബെയര്‍ സ്‌റ്റോയെ വീഴ്്ത്തിയത്്.
ആദ്യം ബാറ്റേന്തിയ അഫ്്ഗാനിസ്ഥാനെ ഇംഗ്ലീഷ് പേസര്‍ ജോഫ്രെ ആര്‍ച്ചറും ജോ റൂട്ടുമാണ് തകര്‍ത്തുവിട്ടത്. ആര്‍ച്ചര്‍ 5.4 ഓവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റ വീഴ്‌ത്തി. റൂട്ടും മൂന്ന് വിക്കറ്റെടുത്തു. ആറ് ഓവറില്‍ 22 റണ്‍സാണ് വിട്ടുകൊടുത്തത്.
44 റണ്‍സ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍. 42 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സറും അടിച്ചു. ഓപ്പണര്‍ നൂര്‍ അലി 34 പന്തില്‍ 30 റണ്‍സ് എടുത്തു. ദൗലത്ത് സന്ദ്രാന്‍ 20 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
















