ന്യൂദല്‍ഹി: ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യ സെമിയിലെത്തുമെന്ന് മുന്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ചാമിന്ദ വാസ്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ മികച്ച ഫോമിലാണ്. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ ബൗളിങ്ങ് നിര കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ സെമിയിലെത്താവുന്ന ടീം ഇന്ത്യക്കുണ്ടെന്നും ചാമിന്ദ വാസ് പറഞ്ഞു.
ഇംഗ്ലണ്ടില്‍ സ്പിന്നര്‍മാരാകും ഇന്ത്യക്ക് നിര്‍ണായകമാവുക. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായകമാകും. ലോകകപ്പ് പാതിവഴിയോടടുക്കുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. മികച്ച സ്പിന്നര്‍മാര്‍ ഉള്ളതിനാല്‍ ഇന്ത്യക്കാണ് കൂടുതല്‍ സാധ്യത.
നിലവില്‍ ശ്രീലങ്ക മോശം ഫോമിലാണ്. നായകന്മാരെ തുടര്‍ച്ചയായി മാറ്റി പരീക്ഷിക്കുന്നതില്‍ പ്രതികരിക്കാനില്ലെന്നും ലോകകപ്പില്‍ ടീം മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള ഒട്ടനവധി താരങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ ഉണ്ടെന്നും അവസരങ്ങള്‍ നല്‍കി ഇവരെ വളര്‍ത്തിയെടുക്കണമെന്നും ചാമിന്ദ വാസ് പറഞ്ഞു.
















