നാഗ്പൂര്: രാജ്യത്ത് അരക്ഷിതാവസ്ഥയും അസ്ഥിരതയും സൃഷ്ടിക്കാനുള്ള നക്സല് മനസ്ഥിതിക്കാരുടെ ശ്രമങ്ങളെ ചെറുക്കണമെന്ന് രാഷ്ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി(ശാന്തക്ക). യുവാക്കളെ രാഷ്ട്രസ്നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും വഴിയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം സ്ത്രീസമൂഹത്തിനുണ്ടെന്ന് ശാന്തക്ക ഓര്മ്മിപ്പിച്ചു. മഹാത്മാഗാന്ധി സെന്റിനല് സ്കൂളില് നടന്ന രാഷ്ട്രസേവികാ സമിതി നാഗ്പൂര് മഹാനഗര് വിജയദശമി മഹോത്സവത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള് ആന്തരിക ശക്തി തിരിച്ചറിഞ്ഞ് അത് സമൂഹത്തിനായി ഉപയോഗിക്കണം. യുവാക്കളുടെ ചിന്തകളിലും പെരുമാറ്റത്തിലും ശരിയായ രീതിയില് മാറ്റം സൃഷ്ടിക്കാനും അവരെ ഭാരതീയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ലോകക്ഷേമത്തിന്റെ പതാകാവാഹകരാക്കാനും പ്രയത്നിക്കണം.
സാത്വിക ഭക്ഷണക്രമം ശരീരത്തെ ആരോഗ്യപൂര്ണമാക്കി നിലനിര്ത്തുന്നതുപോലെ, നല്ല ചിന്തകള് മനസ്സിനെയും ബുദ്ധിയെയും വളര്ത്തുന്നു. ശാഖകള് സ്വഭാവഗുണവും ദേശസ്നേഹവുമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നു. അപകടകരവും വിഷലിപ്തവുമായ മനസ്സുള്ള നക്സലൈറ്റുകള് തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്താന് പരിശ്രമിക്കുകയാണ്, ശാന്തക്ക ചൂണ്ടിക്കാട്ടി.
ലക്ഷ്യ ഫൗണ്ടേഷന് പ്രസിഡന്റ് അനുരാധ പ്രഭുദേശായി മുഖ്യാതിഥിയായിരുന്നു. ഒരു കുട്ടി ഒരു അക്ഷരമാണെങ്കില്, അമ്മ ഒരു കവിതാസമാഹാരമാണെന്നും, ഒരു സൈനികന്റെ അമ്മ ഇതിഹാസ കാവ്യമാണെന്നും അവര് പറഞ്ഞു. സേവികാസമിതിയിലെ സേവികമാര് ഭാവിയുടെ നേതൃത്വം വഹിക്കേണ്ടവരാണെന്ന് അനുരാധ പ്രഭു പറഞ്ഞു. സമിതി അഖില ഭാരതീയ സഹകാര്യവാഹിക ചിത്രതായ് ജോഷിയും പരിപാടിയില് പങ്കെടുത്തു.
















