ന്യൂദൽഹി: ദൽഹിയിൽ പ്രതിഷേധ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് ശനിയാഴ്ച ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്ക്കണമെന്നും സമാധാനബോണ്ടിൽ ഒപ്പിടണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് ദൽഹി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച കണാട്ട് പ്ലേസിൽ നടന്ന ‘ലെഹ്രാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന് മുന്നോടിയായി കരുതൽ തടങ്കലിലാക്കിയ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ) പ്രസിഡന്റ് നേഹ ബോറയെയും പോലീസ് വിട്ടയച്ചു. ദൽഹി പോലീസ് ആക്ടിലെ സെക്ഷൻ 65 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് നേഹ ബോറയെ വിട്ടയച്ചതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി.എൻ.എസ്.എസ്) സെക്ഷൻ 126, 170 എന്നിവ പ്രകാരം സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് അഭിജിത് ദിപ്കെയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ദിപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ജാമ്യബോണ്ടിന് പുറമേ സമാധാനബോണ്ടും ഒപ്പിടേണ്ടതുണ്ട്. ഒക്ടോബർ 10-ന് ദൽഹി വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽനിന്ന് ദിപ്കെയെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു. ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കില്ലെന്ന് ഉറപ്പുനൽകുന്ന ബോണ്ടിൽ അന്ന് ഒപ്പിടുകയും ചെയ്തിരുന്നു.
മോചിതയായശേഷം ദൽഹി പോലീസിനെയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെയും നേഹ ബോറ രൂക്ഷമായി വിമർശിച്ചു. കസ്റ്റഡിയിലെടുക്കൽ നിയമവിരുദ്ധമാണെന്ന് ആരോപിച്ച അവർ, പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ അവസാനിപ്പിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാൻ കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തെ ജയിലിലടയ്ക്കണമെന്ന ആവശ്യവും ബോറ ഉന്നയിച്ചു.
















