ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സില്‍ ലോക മൂന്നാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വരേവ് മൂന്നാം റൗണ്ടില്‍ പുറത്തായി. ജര്‍മന്‍ താരം ജെന്‍-ലെനാര്‍ഡ് സ്ട്രഫിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു. സ്‌കോര്‍: 6-3, 6-1.
ഇതാദ്യമായാണ് ലെനാര്‍ഡ് സ്വരേവിനെ പരാജയപ്പെടുത്തുന്നത്. രണ്ട് സെറ്റുകളിലും വലിയ പോരാട്ടം നടത്താനാകാതെയാണ് സ്വരേവ് തോല്‍വി സമ്മതിച്ചത്. ലോക ഒന്നാം നമ്പര്‍ നോവാക് ദ്യോകോവിച്ച്-ഫിലിപ് കോല്‍സ്‌ക്രീബര്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ സെറ്റിന്റെ ആദ്യ ഗെയിം ദ്യോകോ സ്വന്തമാക്കിയ ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മറ്റു മത്സരങ്ങളില്‍ ലോക പതിമൂന്നാം നമ്പര്‍ മിലോസ് റാവോനിച്ച് അമേരിക്കന്‍ താരം മാര്‍ക്കോസ് ജിറോണിനെ കീഴടക്കി. മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് റാവോനിച്ച് ജയിച്ചു കയറിയത്. സ്‌കോര്‍: 4-6, 6-4, 6-4.
വനിതകളില്‍ ലോക ഒന്നാം നമ്പര്‍ നവോമി ഒസാക്ക, വീനസ് വില്ല്യംസ് എന്നിവര്‍ നാലാം റൗണ്ടിലേക്ക് ജയിച്ചുകയറി. ഒസാക്ക അമേരിക്കന്‍ താരം ഡാനിയേല്‍ കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-2. നിലവിലെ ഇന്ത്യന്‍ വെല്‍സ് ജേതാവുകൂടിയായ ഒസാക്ക അടുത്ത റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിടും. വീനസ് അമേരിക്കന്‍ താരം ക്രിസ്റ്റീന മഖാലയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-2, 7-5. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ വീനസ് എന്നാല്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം നേരിട്ടു. ജര്‍മന്‍ താരം മോണ ബെര്‍ത്തലിനെയാകും വീനസ് നാലാം റൗണ്ടില്‍ നേരിടുക.
മറ്റു മത്സരങ്ങളില്‍ ചെക്ക് റിപബ്ലിക് താരം കരാളിന പ്ലിസ്‌കോവ, ബെലാറസ് താരം ആരിന സബലങ്ക എന്നിവരം നാലാം റൗണ്ടിലേക്ക് മുന്നേറി.
















