െകാച്ചി: പ്രോ വോളി ലീഗില്‍ ഇന്ന് നാട്ടങ്കം. കൊച്ചിന്‍ ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസുമാണ് ഇന്നത്തെ സൂപ്പര്‍ ഹെവിവെയ്റ്റ് പോരാട്ടത്തില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ പോരാട്ടം ആവേശകൊടുമുടിയിലേറും . വൈകിട്ട് 7നാണ് കളി . തുടര്‍ച്ചയായ രണ്ടാം മത്സരത്തിനാണ് ബ്ലൂ സ്‌പൈക്കേഴ്‌സ് ഇറങ്ങുന്നത്. ഇന്നലെ ബ്ലാക്ക് ഹ്വാക്ക്‌സ് ഹൈദരാബാദുമായി കളിച്ചതിനുപിന്നാലെയാണ് നാട്ടങ്കത്തിന് സ്‌പൈക്കേഴ്‌സ് ഇറങ്ങുന്നത്.
കളിച്ച മൂന്ന് കളികളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്‌പൈക്കേഴ്‌സ്. ആദ്യ മത്സരത്തില്‍ യു മുംബ വോളിയെ 4-1നും രണ്ടാം കൡയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 3-2നും പരാജയപ്പെടുത്തി. ഹീറോസാകട്ടെ ആദ്യ കളിയില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെയും രണ്ടാം മത്സരത്തില്‍ യു മുംബയെയും ഇതേ ക്രമത്തില്‍ തന്നെയാണ് പരാജയപ്പെടുത്തിയത്. രണ്ട് കളികളില്‍ നിന്ന് നാല് പോയിന്റുമായി ഇരു ടീമുകളുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഇന്ന് ജയിക്കുന്നവര്‍ക്ക് ടൂര്‍ണമെന്റില്‍ മുന്‍തൂക്കം ലഭിക്കും.
ലോക വോളിബോളിലെ തന്നെ രണ്ട് സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണ് ഇന്നത്തേത്. സ്‌പൈക്കേഴ്‌സ് നിരയില്‍ ഡേവിഡ് ലീയും ഹീറോസില്‍ പോള്‍ ലോട്മാനും ഇറങ്ങും.
ഡേവിഡ് ലീ തന്നെ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സൂപ്പര്‍ സ്റ്റാര്‍. ലീയുടെ സ്മാഷുകള്‍ എതിര്‍ കോര്‍ട്ടില്‍ പ്രകമ്പനം മുഴക്കുന്നതാണ്. കഴിഞ്ഞ രണ്ട് കളികളിലും കളംനിറഞ്ഞു കളിച്ച ലീയുടെ സാന്നിദ്ധ്യം ടീമിന് ഉണര്‍വുണ്ടാക്കുന്നതാണ്. മറ്റൊരു വിദേശ താരമായ ആന്ദ്രെ പതുകും മികച്ച ഫോമിലാണ്. ഇവര്‍ക്കൊപ്പം പ്രഭാകരന്‍, ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്‍, രോഹിത്, മനു എന്നിവരും ചേരുമ്പോള്‍ എതിരാളികള്‍ ഭയക്കും.
കാലിക്കറ്റ് ഹീറോസ് നിരയില്‍ ഏറെ ശ്രദ്ധിക്കേണ്ട താരങ്ങളാണ് ലോട്മാനും അജിത്ത്‌ലാലും ക്യാപ്റ്റന്‍ ജെറോം വിനീതും. യു മുംബക്കെതിരെ ഇവരുടെ പോരാട്ടവീര്യം കണ്ടതാണ്. ബ്ലോക്കിങ്ങിലും മറ്റും പിഴച്ചപ്പോഴും കണ്ണഞ്ചിക്കുന്ന സ്‌പൈക്കുകൡലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത് അജിത്ത്‌ലാലിന്റെയും ലോട്മാന്റെയും മികച്ച പ്രകടനമായിരുന്നു. എന്നാല്‍ മറ്റൊരു വിദേശ താരം കോംഗോയുടെ ഇലോനി കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തി.
എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണിതെന്നും ജയം മാത്രമാണ് ലക്ഷ്യമെന്നും സ്‌പൈക്കേഴ്‌സ് നായകന്‍ ഉക്രപാണ്ഡ്യന്‍ പറഞ്ഞു. ഇത് ഞങ്ങള്‍ക്കു വേണ്ടി മാത്രമുള്ള മത്സരമായിരിക്കില്ല, സ്റ്റേഡിയത്തിലും ടെലിവിഷനിലൂടെയും ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ക്കു വേണ്ടിയുള്ള പോരാട്ടം കൂടിയായിരിക്കുമെന്നും നായകന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നു ദിവസത്തെ വിശ്രമത്തിനുശേഷമാണ് ബ്ലൂ സ്‌പൈക്കേഴ്‌സിനെതിരെ കളിക്കാനിറങ്ങുന്നത്. ഇതിന്റെ ആനുകൂല്യം തങ്ങള്‍ക്കുണ്ടെന്ന് ഹീറോസ് നായകന്‍ ജെറോം വിനീത്. ഇന്ത്യയിലെ വോളിബോള്‍ ആരാധകര്‍ക്ക് വിരുന്നാകും ഈ മത്സരം. ടീം മൊത്തത്തില്‍ ഈ കളിയുടെ ആവേശത്തിലാണെന്നും ഇതുവരെ നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നും ജെറോം കൂട്ടിച്ചേര്‍ത്തു.
















