കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ദേവസ്വം കമ്മീഷണറായി അഹിന്ദുക്കളെ നിയമിച്ചുകൊണ്ട് ഇടതു സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ അഹിന്ദു ബോര്‍ഡാക്കി മാറ്റാന്‍ ശ്രമിക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. ജൂലൈ 6ന് ഇറങ്ങിയ സര്‍ക്കാര്‍ ഗസറ്റ് നോട്ടിഫിക്കേഷനിലാണ് ദേവസ്വം കമ്മീഷണര്‍ നിയമനത്തിന് ഹിന്ദുക്കളെ ഒഴിവാക്കിയുള്ള ഭേദഗതി വരുത്തിയത്.
നാളിതുവരെ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍മാരായി ഹിന്ദുക്കളെ മാത്രമാണ് പരിഗണിച്ചിരുന്നത്. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണത്തലവന്മാരായി അഹിന്ദുക്കളെ നിയമിക്കാനുള്ള ശ്രമം ഇടതുപക്ഷ സര്‍ക്കാരിന്റെ തികഞ്ഞ ഹിന്ദു വിരുദ്ധ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ചട്ടുകമായി അധഃപതിക്കുകയാണ്. ഹിന്ദു ജനതയുടെ ആത്മാഭിമാനത്തെ അപഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയെ ജനകീയമായും നിയമപരമായും നേരിടുമെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: