ബംഗളൂരു: കോണ്‍ഗ്രസ് എംപി കെസി വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഉഡുപ്പി എംപി ശോഭ കരണ്‍ദലാജെ. ലൈംഗിക അതിക്രമവും അഴിമതിയുമുള്ള വേണുഗോപാലിനെ കര്‍ണാടകയ്‌ക്ക് ആവശ്യമില്ലെന്നും പുറത്താക്കണമെന്നും ശോഭ ആവശ്യപ്പെട്ടു.
നിലവില്‍ കര്‍ണാടകയിലെ എഐസിസി ചുമതലയുള്ള വേണുഗോപാലിനെ കോണ്‍ഗ്രസ് തിരിച്ചു വിളിക്കണം. സോണിയയോടും രാഹുലിനോടുമുള്ള തങ്ങളുടെ അഭ്യര്‍ത്ഥനയാണിതെന്നും ശോഭ വ്യക്തമാക്കി. സോളാര്‍ കേസില്‍ പ്രഥമദൃഷ്ട്യാ വേണുഗോപാല്‍ പ്രതിയാണെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ വിധിച്ചിരുന്നു. ഇതിന് പുറമേയാണ് കര്‍ണാടകയിലും വേണുഗോപിലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
സിദ്ധരാമയ്യ സര്‍ക്കാരിനെതിരേയും ശോഭ ആഞ്ഞടിച്ചു. അഴിമതി നിറഞ്ഞ ഭരണമാണ് കര്‍ണാടക സര്‍ക്കാര്‍ കാഴ്ച വയ്‌ക്കുന്നത്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്ന വാഗ്ദാനത്തിലൂടെ അധികാരത്തിലെത്തിയ സിദ്ധരാമയ്യ സര്‍ക്കാര്‍ തങ്ങളുടേത് തെറ്റായ വാഗ്ദാനമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
നാലര വര്‍ഷം അധികാരത്തിലിരുന്നിട്ടും വാഗ്ദാനങ്ങളൊന്നും അവര്‍ക്ക് നടപ്പാക്കാനായിട്ടില്ല. നല്ലവരും കഠിനാധ്വാനികളുമായ ഉദ്യോഗസ്ഥര്‍ക്ക് ബംഗളൂരുവില്‍ നിലനില്‍പ്പില്ല. മൈസൂര്‍, മംഗളൂരു, ഹബ്ലി, ബെല്‍ഗാവി എന്നിവിടങ്ങളില്‍ നാലര വര്‍ഷത്തിനിടെ നിരവധി ഡിസിമാര്‍ മാറി മാറി വന്നു. ഉഡുപ്പിയിലും ചിക്കമംഗളൂരിലും മാത്രം ഇതുവരെ ഒരു മാറ്റവും താന്‍ കണ്ടില്ലെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു.
സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയ്‌ക്കുമെതിരെ നിരവധി കേസുകളുണ്ട്. എന്നാല്‍ അതൊന്നും വെളിച്ചത്തു വന്നിട്ടില്ലെന്നും ശോഭ വ്യക്തമാക്കി.
















