ന്യൂദല്‍ഹി: ഗുജറാത്ത് കച്ചിലെ കണ്ട്‌ല തുറമുഖം ദീന്‍ദയാല്‍ തുറമുഖമെന്ന് പുനര്‍നാമകരണം ചെയ്തു. പേരു മാറ്റുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ഇന്ത്യയില്‍ പൊതുവേ തുറമുഖങ്ങള്‍ക്ക് അവ സ്ഥിതി ചെയ്യുന്ന നഗരത്തിന്റെ പേരാണ് നല്‍കുന്നത്. എന്നാല്‍ പ്രത്യേക പരിഗണന നല്‍കി മഹാന്മാരായ മുന്‍കാല നേതാക്കളുടെ പേരില്‍ തുറമുഖങ്ങള്‍ പുനര്‍നാമകരണം ചെയ്യാറുണ്ട്. ചെന്നൈയില്‍ കാമരാജ് തുറമുഖം അടക്കം ഇത്തരത്തില്‍അറിയപ്പെടുന്നവയാണ്.
രാജ്യത്തെ പ്രധാന പന്ത്രണ്ട് തുറമുഖങ്ങളിലൊന്നാണ് പടിഞ്ഞാറന്‍ തീരത്തെ കണ്ട്‌ല തുറമുഖം. കച്ച് ജില്ലയില്‍ നിന്നുള്ള ജനങ്ങളുടെ ആവശ്യപ്രകാരമാണ് തുറമുഖത്തിന്റെ പുനര്‍ നാമകരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മ്യാന്‍മറിലെ യാമെത്തിനിലുള്ള വനിതാ പൊലീസ് പരിശീലന കേന്ദ്രത്തിന്റെ നവീകരണത്തിനായി ഇന്ത്യയും മ്യാന്‍മറും ഒപ്പുവെച്ച ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
















