ഹൈദരാബാദ് : ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്ന്ന് അലയന്സ് എയര് 33 യാത്രക്കാര്ക്ക് 16 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്കി . ഹൈദരാബാദ്-മൈസൂര് വിമാനം പെട്ടെന്ന് റദ്ദാക്കിയ സംഭവത്തിലാണ് നടപടി. ഇതോടെ എയര്ലൈന് ഉദ്യോഗസ്ഥര്ക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടുകള് ബെഞ്ച് പിന്വലിച്ചു.
2022 ജൂണ് 2 ന്, മൈസൂരിലേക്കുള്ള വിമാനത്തില് കയറാന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില് മുതിര്ന്ന പൗരന്മാരും കുഞ്ഞുങ്ങളും ഉള്പ്പെടുന്ന 33 അംഗ സംഘം എത്തി. എന്നാല്
പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര് മുമ്പ്, വിമാനം റദ്ദാക്കിയതായി എയര്ലൈന് അവര്ക്ക് മെസേജ് അയച്ചു. സഹായമോ ഭക്ഷണമോ കിട്ടാതെ യാത്രക്കാര് വലഞ്ഞു. യാത്ര മുടങ്ങിയതോടെ ഊട്ടിയിലും മറ്റുമുള്ള ഹോട്ടലുകളിലും മറ്റും അടച്ച 2.70 ലക്ഷം രൂപയും മുന്കൂട്ടി ബുക്ക് ചെയ്ത വാഹന വാടകയും ഇവര്ക്ക് നഷ്ടമായി. 2024 ജൂലൈയില് പാസഞ്ചര് കെയര് മാനദണ്ഡങ്ങള് പാലിക്കാത്തതിന് അലയന്സ് എയര് ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷന് കുറ്റക്കാരാണെന്ന് കണ്ടെത്തി നഷ്ടപരിഹാരം നല്കാന് നിര്ദേശിക്കുകയായിരുന്നു. എന്നാല് വിധി പാലിക്കാന് വിമാനകമ്പനി തയ്യാറായില്ല. തുടര്ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
















