റിയാദ്: ഹൂതി വിമതരുടെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര് ഇന്ത്യയും എയര് ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം സര്വീസുകളാണ് തടസപ്പെട്ടിട്ടുളളത്. മറ്റ് ജിസിസി രാജ്യങ്ങളില് നിന്ന് നാട്ടിലേക്ക് മടങ്ങാന് ഉദ്ദേശിക്കുന്നവര്ക്ക് അതിനുള്ള സൗകര്യം ഉണ്ടാകുമെന്ന് എയര് ഇന്ത്യ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാല് സൗദിയിലേക്കുള്ള സര്വീസുകള് ഈ മാസം 20 വരെ നേരത്തേ എയര് ഇന്ത്യ റദ്ദാക്കിയിരുന്നു.ഹൂതി ആക്രമണത്തെ തുടര്ന്ന് റിയാദ് വിമാനത്താവളം അടച്ചിരിക്കുകയാണ്. മറ്റു ചില വിമാനത്താവളങ്ങളുടെ പ്രവര്ത്തനവും ഭാഗികമായി തടസപ്പെട്ടു.
ഒക്ടോബര് 15-ന് മുമ്പ് ടിക്കറ്റ് എടുത്തവര്ക്ക് തീയതി സൗജന്യമായി മാറ്റാമെന്ന് എയര് ഇന്ത്യയുടെ പുതിയ അറിയിപ്പില് പറയുന്നു.ഒക്ടോബര് 9 മുതല് 25 വരെയുള്ള ദിവസങ്ങളില് യാത്ര ചെയ്യേണ്ടവര്ക്കാണ് ഈ അവസരം.ഇവര്ക്ക് നവംബര് 10 വരെയുള്ള ദിവസങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാം. യാത്രക്കാര്ക്ക് ജിസിസിയിലെ മറ്റ് വിമാനത്താവളങ്ങള് വഴിയും ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാം. എയര് ഇന്ത്യ യാത്രക്കാര്ക്ക് ദുബായ്, ദോഹ വിമാനത്താവളങ്ങള് വഴി യാത്ര ചെയ്യാം. എയര് ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്ക്ക് അബുദാബി, മസ്കറ്റ്, കുവൈറ്റ്, ബഹ്റൈന്, ഷാര്ജ തുടങ്ങിയ വിമാനത്താവളങ്ങള് പ്രയോജനപ്പെടുത്താം. ഈ വിമാനത്താവളങ്ങളിലേക്ക് എത്താനുള്ള യാത്രാ സജ്ജീകരണങ്ങളും വിസ കാര്യങ്ങളും സ്വയം ചെയ്യണം.
ടിക്കറ്റ് റദ്ദാക്കാന് ആഗ്രഹിക്കുന്നവര്ക്ക് ടിക്കറ്റിന്റെ മുഴുവന് തുകയും റീഫണ്ട് ലഭിക്കും. ഇന്ഡിഗോ, ആകാശ എയര് എന്നീ കമ്പനികളും ഒക്ടോബര് 24 വരെയുള്ള സര്വീസുകള് നിര്ത്തി വച്ചിട്ടുണ്ട്.
















