പത്തനംതിട്ട: തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ തീരുമാനങ്ങള് സര്ക്കാരിന്റെ പ്രതിച്ഛായ തകര്ക്കാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ ആസൂത്രിത ശ്രമമെന്ന വിമര്ശനവുമായി കോണ്ഗ്രസ് അനുകൂല സംഘടനയായ തിരുവിതാംകൂര് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും സംഘടന പരാതി നല്കി.
ബോര്ഡിന്റെ നിലവിലെ പല തീരുമാനങ്ങളും ‘വിത്തെടുത്ത് കുത്തുന്നതിന്’ തുല്യമാണെന്നും പരാതിയില് പറയുന്നു. കരാറുകാര് പമ്പയില് എത്തിക്കുന്ന സാധനങ്ങള് ബോര്ഡ് സ്വന്തം ചെലവില് സന്നിധാനത്ത് എത്തിക്കുമെന്നുള്ള തീരുമാനം ചരക്കുനീക്കത്തെയും സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് പ്രധാന ആക്ഷേപം. 2025ലെ ലേലങ്ങളില് നിന്ന് 28ഓളം ഇനങ്ങള് ഇത്തവണ ഒഴിവാക്കിയതിലൂടെ മാത്രം ബോര്ഡിന് പത്ത് കോടി രൂപയ്ക്കുമേല് നഷ്ടം ഉണ്ടാകുമെന്നും പരാതിയില് ചൂണ്ടിക്കാട്ടുന്നു. ഉയര്ന്ന ലേലത്തുക ലഭിച്ചിരുന്ന ശൗചാലയ സമുച്ചയങ്ങള് സൗജന്യമാക്കുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള് വിലയിരുത്താതെ, വെര്ച്വല് ക്യൂ ഫീസ് 10 രൂപയായി ഉയര്ത്താനുള്ള നീക്കത്തെയും സംഘടന വിമര്ശിക്കുന്നു. എരുമേലിയിലെ ലേലനടപടികളിലെ കാലതാമസം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ആറു വര്ഷത്തോളം സര്വീസ് ബാക്കിയുള്ള ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര് സമര്പ്പിച്ച വിരമിക്കല് അപേക്ഷയും പിന്നീട് അത് പിന്വലിച്ച സാഹചര്യങ്ങളും ദുരൂഹമാണെന്നും പരാതിയില് പറയുന്നു.
അതേസമയം ദേവസ്വം മന്ത്രിയുടെ കണ്ണിലെ കരടായ പ്രസിഡന്റ് കെ. ജയകുമാറിനെ ലക്ഷ്യമിട്ടാണ് ഭരണാനുകൂല സംഘടനയുടെ വിമര്ശനമെന്നാണ് സൂചന. തങ്ങള്ക്ക് വഴങ്ങാത്ത പ്രസിഡന്റ് തുടരുന്നത് ഉദ്യോഗസ്ഥ തലത്തില് വലിയ അമര്ഷത്തിന് വഴിവച്ചിട്ടുണ്ട്. ഇടതുസര്ക്കാര് നിയമിച്ച ജയകുമാറിനെക്കൊണ്ട് രാജിവയ്പിക്കാനുള്ള സമ്മര്ദ്ദം ഈ സര്ക്കാര് അധികാരമേറ്റതുമുതല് നടക്കുന്നുണ്ട്.















