കാഠ്മണ്ഡു: ദോക്ലാം പ്രശ്നം സമാധാനപരമായി അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് ഭൂട്ടാൻ വിദേശകാര്യ മന്ത്രി ചോ ദോര്ഗി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഭൂട്ടാന് വിദേശകാര്യമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്. ദോക്ലാം വിഷയത്തില്‍ ഭൂട്ടാന് ആദ്യമായാണ് ഔദ്യോഗിക പ്രതികരണം നടത്തുന്നത്.
ദോക്ലാം പ്രശ്നം സമാധാനപരമായും സൗഹാർദത്തോടെയും ഒത്തുതീർപ്പാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ദക്ഷിണേഷ്യ, ദക്ഷിണ കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലെ (ബിഐഎംഎസ്ടിഇസി) വിദേശകാര്യമന്ത്രിതല ഉച്ചകോടിക്കായാണ് ഇരുവരുമെത്തിയത്.
ഉഭയകക്ഷി വിഷയങ്ങള്‍ ഉള്‍പ്പെടെ ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. ഉച്ചകോടിയില്‍ സാങ്കേതിക-സാമ്പത്തിക സഹകരണം ചര്‍ച്ചയായി. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, തായ്ലന്ഡ്, ഭൂട്ടാന്, നേപ്പാള്‍ എന്നിവയാണ് ബിഐഎം എസ്ടിഇസിയില് അംഗങ്ങളായുള്ളത്.
















