കടുത്തുരുത്തി: കുടിവെള്ളമെടുക്കുന്ന കിണറിന് സമീപം മാലിന്യം തള്ളിയതായി പരാതി. കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന് സമീപത്തെ കിണറിന് സമീപമാണ് പ്ലാസ്റ്റിക്ക് ചാക്കുകളും തുണികളും ഉള്‍പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്. മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടനിര്‍മാണവുമായി ബന്ധപെട്ടുണ്ടായ മാലിന്യമാണ് ഇതെന്നാണ് സമീപവാസികളുടെ ആരോപണം. ഇവിടുത്തെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളമെടുക്കുന്നത് ഈ കിണറ്റില്‍നിന്നാണ്. പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള കിണര്‍ കാടുമൂടിയ നിലയിലാണ്. കിണറിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മാലിന്യം സമീപത്തെ നീര്‍ചാലിലൂടെ താഴേക്ക് ഒഴുകുന്നത് പരിസരവാസികള്‍ക്കും ദുരിതമുണ്ടാക്കുന്നതായി പരാതിയുണ്ട്. കിണറിന് സമീപം മാലിന്യം ഉപേക്ഷിച്ചതും കിണറിനും ചുറ്റും കാട് മൂടിയതും വെള്ളം മലിനപെടുത്തുമെന്നാണ് സമീപവാസികള്‍ പറയുന്നത്.
















